ഇന്ത്യയുടെ ‘മെഡൽ വേട്ടയുടെ ബാറ്റൺ’ പരസ്പരം കൈമാറി ജൂഡോ പോരാളികളും വെയ്റ്റ് ലിഫ്റ്റർമാരും

0

ഇന്ത്യയുടെ ‘മെഡൽ വേട്ടയുടെ ബാറ്റൺ’ പരസ്പരം കൈമാറി ജൂഡോ പോരാളികളും വെയ്റ്റ് ലിഫ്റ്റർമാരും. ജൂഡോയിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മണിപ്പുർ താരം സുശീലാ ദേവി ലിക്മബം വെള്ളിയും പുരുഷൻമാരുടെ 60 കിലോഗ്രാമിൽ വാരാണസിക്കാരൻ വിജയ്കുമാർ യാദവ് വെങ്കലവും നേടി. ഇന്ത്യൻ സമയം ഇന്നു പുലർച്ചെയായിരുന്നു വെയ്റ്റ് ലിഫ്റ്റിങ് 71 കിലോഗ്രാം വിഭാഗത്തിൽ ഹർജീന്ദർ കൗറിന്റെ വെങ്കല വിജയം. ഇതോടെ 3 സ്വർണവും 3 വെള്ളിയും 3 വെങ്കലവുമടക്കം ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം 9 ആയി.
പരിശീലനത്തിനിടെ പരുക്കേറ്റ വലതു കാൽവിരലുകളിൽ നാലു തുന്നലുകളുമായി സ്വർണമെഡൽ പോരാട്ടത്തിനിറങ്ങിയ സുശീലാദേവി 4.25 മിനിറ്റു നീണ്ട ശക്തമായ മത്സരത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റ്ബൂയിയോടു കീഴടങ്ങിയത്. 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും സുശീലാദേവി വെള്ളി നേടിയിരുന്നു. വെങ്കല മെഡൽ മത്സരത്തിൽ സൈപ്രസിന്റെ പെട്രോസ് ക്രിസ്റ്റോഡൗലിഡെസിനെയാണ് വിജയകുമാർ വെറും 58 സെക്കൻഡിൽ തറപറ്റിച്ചത്. സ്‌നാച്ചിൽ 93 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാമുമടക്കം ആകെ 212 കിലോഗ്രാം ഉയർത്തിയാണ് ഹർജീന്ദർ കൗർ വെങ്കല മെഡൽ നേടിയത്.

Leave a Reply