മയക്കുമരുന്നുമായി അറസ്റ്റുചെയ്ത ജിൻസൺ ജോസ് ആ‍ഡംബരപ്പൂച്ചകളെ മോഷ്ടിച്ചകേസിലും പ്രതി

0

കോവളം: കോവളത്തെ സ്വകാര്യ ഹോട്ടലിൽനിന്ന് അറസ്റ്റുചെയ്ത ജിൻസൺ ജോസ് ആ‍ഡംബരപ്പൂച്ചകളെ മോഷ്ടിച്ചകേസിലും പ്രതി. മയക്കുമരുന്നുമായാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽനിന്ന് ജിൻസനെ അറസ്റ്റ് ചെയ്തത്. ഇയാളെ അന്വേഷിച്ച് തൊടുപുഴ മുട്ടം പോലീസ് കോവളത്ത് എത്തി. ജിൻസൺ, സുഹൃത്തുക്കളായ ഓൾസെയിന്റ്‌സ് സ്വദേശി അനസ്, പൂന്തുറ മാണിക്യവിളാകം സ്വദേശി നിസാം എന്നിവരെ കഴിഞ്ഞ ദിവസം കോവളം പോലീസ് അറസ്റ്റുചെയ്തിരുന്നു.

ജിൻസൺ തൊടുപുഴ മ്‌റാലായിലെ വീട്ടിൽ കയറി സുഹൃത്തായ അജ്മലിന്റെ ഭാര്യ ഫാത്തിമയെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി അവിടെയുണ്ടായിരുന്ന 50,000 രൂപ വിലമതിക്കുന്ന ആഡംബര പൂച്ചകളെ തട്ടിയെടുത്താണ് കോവളത്ത് എത്തിയത്. മുട്ടം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ കോവളത്തെ ഹോട്ടലിലും പോലീസ് സ്‌റ്റേഷനിലുമെത്തി അന്വേഷണം നടത്തി. ഹോട്ടലിലെ മുറിയിൽ നിന്നും പൂച്ചകളിലൊരെണ്ണത്തെ പോലീസ് കണ്ടെത്തി. യുവാക്കൾ ഹോട്ടലിൽ രണ്ട് പൂച്ചകളുമായെത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റൊന്നിനെ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.

ജിൻസന്റെ പക്കൽ നിന്നും അജ്മൽ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു വീട്ടിലെത്തി ഇയാൾ ആഡംബര പൂച്ചകളെ തട്ടിക്കൊണ്ടുപോയത്. അജ്മൽ തൊടുപുഴ മുട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനും പൂച്ചകളെ കടത്തിക്കൊണ്ടുപോയതിനും മുട്ടം പോലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ചുമത്തിയ ജിൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് മുട്ടം എസ്.എച്ച്.ഒ. പ്രിൻസ് ജോസഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here