ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്തുസംഘം ദുബായിലെ ഇടനിലക്കാരനേയും തടവിലാക്കിയതായി വിവരം

0

കോഴിക്കോട്‌ : ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്തുസംഘം ദുബായിലെ ഇടനിലക്കാരനേയും തടവിലാക്കിയതായി വിവരം. കണ്ണൂര്‍ സ്വദേശി ജസീലിനെയാണു ദുബായില്‍വച്ചു സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയത്‌.
ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതിരുന്നതിനെത്തുടര്‍ന്നാണ്‌ ഇടനിലക്കാരനായ ജസീലിനെ വിദേശത്തുവച്ച്‌ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടു പോയത്‌.
ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത്‌ സംഘത്തിനു പരിചയപ്പെടുത്തിയത്‌ ജസീലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട ചിലര്‍ നേരത്തെ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ വീട്ടിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ജസീല്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ തടങ്കലിലാണെന്ന വിവരം പോലീസിന്‌ ലഭിച്ചത്‌.
ജസീല്‍ ഇപ്പോഴും അജ്‌ഞാത കേന്ദ്രത്തിലാണെന്നാണു സൂചന. അയാള്‍ക്ക്‌ മര്‍ദനമേറ്റ ചിത്രങ്ങളും സ്വര്‍ണക്കടത്ത്‌ സംഘം ബന്ധുക്കള്‍ക്ക്‌ ഫോണ്‍ മുഖേന അയച്ചുകൊടുത്തിട്ടുണ്ട്‌.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത്‌ “916 നാസര്‍” എന്ന സ്വാലിഹ്‌ നേതൃത്വം നല്‍കുന്ന സംഘമാണ്‌. ഇവര്‍തന്നെയാണു ജസീലിനേയും തട്ടിക്കൊണ്ടുപോയതെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരം. ഇതേ സംഘം നേരത്തെ ഇര്‍ഷാദിന്റെ അനുജനേയും വിദേശത്തുവച്ച്‌ തട്ടിക്കൊണ്ടു പോയിരുന്നു.
ഇര്‍ഷാദിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന്‌ നേരത്തേ നാട്ടിലെത്തിയിരുന്ന രണ്ടു യുവാക്കളെക്കൂടി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. നാദാപുരം ചാലപ്രം സ്വദേശി ചക്കരക്കണ്ടിയില്‍ അനസ്‌(28), വളയം വാതുക്കല്‍ പറമ്പത്ത്‌ റിജേഷ്‌ (35) എന്നിവരെ കാണാനില്ലെന്നാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇന്നലെയാണ്‌ അനസിനെ കാണാനില്ലെന്ന്‌ മാതാവ്‌ സുലൈഖ പരാതി നല്‍കിയത്‌.
വിദേശത്തുനിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അനസ്‌ വീട്ടിലെത്തിയില്ലെന്നാണു കുടുംബത്തിന്റെ പരാതി. അഞ്ച്‌ മാസം മുമ്പാണ്‌ അനസ്‌ വിദേശത്തേക്കു പോയത്‌. ജൂലൈ 21നു മലപ്പുറം സ്വദേശിയെന്ന്‌ സ്വയം പരിചയപ്പെടുത്തി ഒരാള്‍ അനസിനെ തിരക്കി വീട്ടിലെത്തിയിരുന്നു. അനസ്‌ വിദേശത്താണെന്നു ബന്ധുക്കള്‍ അറിയിച്ചപ്പോള്‍, ജൂലൈ 20ന്‌ അനസ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയെന്ന്‌ അയാള്‍ അറിയിച്ചു. രണ്ടാഴ്‌ച കഴിഞ്ഞിട്ടും മകന്‍ വീട്ടിലെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും അനസിന്റെ മാതാവ്‌ സുലൈഖയുടെ പരാതിയിലുണ്ട്‌.
ഖത്തറില്‍നിന്നു നാട്ടിലേക്കു മടങ്ങിയ റിജേഷിന്റെ കൈവശം ഒരു പാഴ്‌സല്‍ കൊടുത്തുവിട്ടെന്നും അത്‌ ലഭിക്കണമെന്നും ആവശ്യപ്പെട്ട്‌ ഒരു സംഘം ആളുകള്‍ വീട്ടില്‍ വന്നിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. ജൂണ്‍ 10 നാണ്‌ റിജേഷ്‌ അവസാനം ടെലിഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിച്ചത്‌. ജൂണ്‍ 16 നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തുമെന്ന്‌ അറിയിച്ചിരുന്നു.
അതിനിടെ സ്വര്‍ണക്കടത്ത്‌ സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേത്‌ മുങ്ങി മരണമാണെന്നാണു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. എന്നാല്‍ ദേഹത്ത്‌ മുറിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്‌. മുഖത്തടക്കമുള്ള വലിയ പരുക്കുകളെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തതയില്ല

Leave a Reply