ഇടവിട്ട് മഴ തുടരുന്നു; അറുതിയില്ലാത്ത ദുരിതം…

0

പാലക്കാട്: ജില്ലയിൽ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ബുധനാഴ്ചയും ഇടവിട്ട മഴ തുടരുന്നതിടെ വ്യാപകനാശം. മഴയുടെ ശക്തി കുറഞ്ഞത് കണക്കിലെടുത്ത് ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇതിനിടെ, ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 14 പുരുഷന്മാരും 31 സ്ത്രീകളും 12 കുട്ടികളുമടക്കം വിവിധ ക്യാമ്പുകളിലായി നിലവിൽ 57 പേരാണുള്ളത്.

ജില്ലയില്‍ ബുധനാഴ്ച രാവിലെ 8.30 വരെ ശരാശരി 25.3 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതോടെ നീരൊഴുക്ക് വർധിച്ചത് കണക്കിലെടുത്ത് കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിലും മൂലത്തറ റെഗുലേറ്ററിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു.

മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. പലയിടത്തും മരങ്ങൾ വീണ്‌ വീട്‌ തകർന്നു. വൈദ്യുതിത്തൂണുകൾക്കു മേൽ മരച്ചില്ലകളും മറ്റും വീണ് വിദൂരമേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. അട്ടപ്പാടിയുടെ വിദൂരമേഖലകളിലടക്കം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ബുധനാഴ്ച വൈകിയും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply