മാതാപിതാക്കളെ കൊലപ്പെടുത്താൻ ഇന്ദുലേഖ 2 മാസം മുമ്പും ശ്രമിച്ചു; അന്ന് വാങ്ങി നൽകിയ 20 ഡോളോ ഗുളികകളുടെ ബാക്കി കണ്ടെത്തി

0

തൃശൂർ: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയായ രുഗ്മിണിയെയും അച്ഛനെയും അപായപ്പെടുത്താൻ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങി. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പോലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും വിഷം നൽകിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.

തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ദുലേഖ അച്ഛനേയും കൊല്ലാൻ ശ്രമിച്ചിരുന്നു. അമ്മയുടേയും അച്ഛന്‍റേുയും പേരിലുള്ള 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ക്രൂരത. ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. രുഗ്മിണിക്ക് മഞ്ഞപ്പിത്ത ലക്ഷണം ഉണ്ടായിരുന്നു. നില ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു. വിഷബാധയെന്ന് ഡോക്ടർമാർക്ക് സംശയം തൊന്നിയതിനെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വിഷം ഉള്ളിൽചെന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പൊലീസെത്തിയത്.

കുടുംബാംഗങ്ങളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. മകളെ സംശയമുണ്ടെന്ന് അച്ഛൻ തന്നെ സൂചന നൽകി. ഇതോടെ പൊലീസ് ഇന്ദുലേഖയെ ചോദ്യം ചെയ്തു. അച്ഛനെയും കൊല്ലാൻ ഇന്ദുലേഖ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. അച്ഛന് ചായയിൽ വിഷം കലര്‍ത്തി നൽകിയെങ്കിലും രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്ദുലേഖയ്ക്ക് ഭർത്താവ് അറിയാത്ത എട്ട് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിൽ എത്തും മുമ്പ് കടം തീർക്കാനായിരുന്നു മകളുടെ കൊടുംക്രൂരത. അമ്മയുടെയും അച്ഛന്റേയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിൽക്കാനായിരുന്നു പദ്ധതി.

തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here