ഇന്ദുലേഖ അമ്മയ്ക്ക് വിഷം കൊടുത്ത് കൊന്ന സംഭവം; ഒരു മാസം മുൻപ് സൂചന നൽകി ഗണേഷ് കുമാർ; സിനിമാ രംഗത്തു നിന്നും നിരവധി ‘കൂട്ടുപ്രതികൾ’

0

കടബാധ്യതയെ തുടർന്ന് പണത്തിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ വാർത്ത പുറത്ത് വന്നതോടെ ഞെട്ടിയാണ് കേരളം ആ വാർത്ത കേട്ടത്. ഓൺലെെൻ റമ്മി കളിയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടം വരുത്തി വെച്ചതെന്നാണ് പോലീസ് പറയുന്നത്. മകൻ മൊബെെലിലൂടെ ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയ പണം വീണ്ടെടുക്കാനാണ് ഇന്ദുലേഖ മാതാവിനെയും പിതാവിനെയും വിഷം നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിൽ മാതാവ് മരിക്കുകയും പിതാവ് രക്ഷപ്പെടുകയുമായിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും അയയ്ക്കുന്ന പണമെല്ലാം മകന്‍ ആവശ്യപ്പെടുമ്പോള്‍ വിവിധ ഘട്ടങ്ങളായി ഇന്ദുലേഖ നല്‍കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. റമ്മി കളിയിലാണ് പണം നഷ്ടപ്പെട്ടതെന്ന സൂചനകൾ തന്നെയാണ് പൊലീസ് നൽകുന്നതും. റമ്മികളിയിലൂടെ നിരവധി ആത്മഹത്യകൾ സംസ്ഥാനത്തു നടന്നിട്ടുണ്ടെങ്കിലും അതിൻ്റെ പേരിൽ ഒരു കൊലപാതകം നടക്കുന്നത് ഇതാദ്യമാണ്.

ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്നാണ് കെബി ​ഗണേഷ് കുമാർ നിയമസഭയിൽ ആവശ്യപ്പെട്ടത്. റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരാണ് ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന മാന്യന്മാർ എന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് കേരളത്തിലടക്കം നിരവധി പേര്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഗണേഷിൻ്റെ ആശങ്കകൾ യാഥാർത്ഥ്യമായിരിക്കുകയാണ് കുന്നംകുളം രുഗ്മിണി വധക്കേസിലൂടെ.

ഷാരൂഖ് ഖാൻ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനേയും റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണംകെട്ട പരസ്യങ്ങളിൽ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് മാന്യന്മാർ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരി​ഗണിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ മറുപടി പറഞ്ഞത്. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്കാരിക വിപ്ലവം വരേണ്ടതെന്നും അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാകുകയുള്ളുവെന്നും വാസവൻ പറഞ്ഞിരുന്നു. താരങ്ങളോട് ഇക്കാര്യം നമുക്കെല്ലാവരും ചേർന്ന് അഭ്യർത്ഥിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.

ഇതിനു പിന്നാലെ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ടെന്ന് വ്യക്തമാക്കി നടൻ ലാൽ രംഗത്തെത്തിയിരുന്നു. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ലാൽ വ്യക്തമാക്കിയിരുന്നു. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ലെന്നും ലാൽ അന്നു പറഞ്ഞിരുന്നു. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ലെന്നും നേരത്തെ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ടെന്നും ലാൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply