ഇന്ത്യൻ യുവതികളെ ആക്രമിച്ചു; അമേരിക്കയിൽ മെക്സിക്കൻ യുവതി അറസ്റ്റിൽ

0

വാഷിങ്ടൺ: പൊതു ഇടത്തിൽ വെച്ച് ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. മെക്സിക്കൻ യുവതി യാണ് നാല് ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്. യുവതിയുടെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ടെക്സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാർക്കിങ് ഏരിയയിൽ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‘ഇന്ത്യക്കാരായ നിങ്ങളെ ഞാൻ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും സുഖജീവിതത്തിന് വേണ്ടി അമേരിക്കയിലേക്ക് വരികയാണ്. നിങ്ങൾ തിരിച്ച് ഇന്ത്യയിലേക്ക് പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മെക്സിക്കൻ യുവതി നാല് ഇന്ത്യക്കാരായ സ്ത്രീകൾക്ക് നേരെ അധിക്ഷേപം നടത്തിയത്. സ്ത്രീകളുടെ മുഖത്തടിക്കുന്നതും മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപ്പോണം. ഞാൻ എവിടെ പോയാലും അവിടെയെല്ലാം ഇന്ത്യക്കാരാണ്. ഇവിടെ എല്ലായിടത്തും ഇന്ത്യക്കാരാണ്. ഇന്ത്യയിലെ ജീവിതം നല്ലതാണെങ്കിൽ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’– സ്ത്രീകളോട് ആക്രോശിച്ച് എസ്മെറാൾഡ ചോദിച്ചു.

ഇന്ത്യക്കാരായ സ്ത്രീകൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമം വഴി പുറത്തു വിടുകയും ചെയ്തു. ഇതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റു സുഹൃത്തുക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് മർദനമേറ്റ സ്ത്രീകളിൽ ഒരാളുടെ മകൻ പറഞ്ഞു.
അറസ്റ്റിലായ എസ്മെറാൾഡയ്ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10,000 ഡോളർ നൽകിയാൽ മാത്രമേ ജാമ്യം ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here