ഇന്ത്യൻ ഓഹരിവിപണിയിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

0

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ അതികായനും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനായ ബിസിനസ് പ്രമുഖൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇന്ത്യൻ നിക്ഷേപകരിലെ അതികായനായിരുന്നു.

മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 62 വയസായിരുന്നു. ആകാശ എയർ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ച്, കമ്പനി സർവീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുൻജുൻവാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് മറഞ്ഞത്.

വിമാനത്തിൽ യാത്ര ചെയ്യണമെന്ന മോഹം ഇനിയും സഫലമാകാത്തവരുണ്ടെങ്കിൽ അത്തരക്കാരെക്കൂടി പറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചിറകുവിരിക്കുന്നതെന്ന ആകാശ എയറിന്റെ വാഗ്ദാനം വലിയ പ്രതീക്ഷയാണ് ഉയർത്തിയത്. ഹവായ് ചെരുപ്പിടുന്നവർക്കെല്ലാം വിമാനയാത്ര സാധ്യമാകുമെന്നാണ് ആകാശ എയറിന്റെ വാഗ്ദാനം. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കിയാണ് രാകേഷ് ജുൻജുൻവാല ജീവിതത്തിൽ നിന്നും മടങ്ങുന്നത്.

‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ്. രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായിരുന്ന ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയർ സർവീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയിൽനിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്‌സിന്റെ മുൻ സിഇഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്.

Leave a Reply