സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി

0

സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച്‌ വിക്കറ്റിനു ജയിച്ചതോടെ മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പര 2-0 ത്തിന്‌ ഉറപ്പാക്കി.
ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 161 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 26-ാം ഓവറില്‍ ലക്ഷ്യം കടന്നു. തുടരെ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടെങ്കിലും മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (39 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 43) ടീമിനെ ജയത്തിലെത്തിച്ചു. വിക്കറ്റിനു പിന്നില്‍ മൂന്നു ക്യാച്ചുകളുമായും തിളങ്ങിയ സഞ്‌ജുവാണു മത്സരത്തിലെ താരം.
സഞ്‌ജുവിന്റെ അരങ്ങേറ്റം ഹരാരെ ക്രിക്കറ്റ്‌ ഗ്രൗണ്ടിലായിരുന്നു. 2015 ജൂലൈ 19 ന്‌ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലാണ്‌ സഞ്‌ജുവിന്‌ ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്‌. സ്‌റ്റുവര്‍ട്ട്‌ ബിന്നിക്കു കൂട്ടായി സഞ്‌ജു ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ആദ്യമായി കളിക്കുന്ന പരിഭ്രമത്തില്‍ പെട്ട താരം 24 പന്തുകളില്‍ 19 റണ്‍ മാത്രമാണു നേടിയത്‌. സഞ്‌ജു മെല്ലെപ്പോയതു ബിന്നിയെയും ബാധിച്ചു. ഇന്ത്യ 10 റണ്ണിനു തോറ്റു. പരമ്പര സമനിലയുമായി. അരങ്ങേറ്റക്കാരനായതിനാല്‍ സഞ്‌ജുവിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുണ്ടായില്ല. സമ്മര്‍ദം പിടിമുറിക്കിയ അവസ്‌ഥയിലാണ്‌ സഞ്‌ജു രണ്ടാം ഏകദിന മത്സരത്തിനിറങ്ങിയത്‌. 97 റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക്‌ നാല്‌ വിക്കറ്റുകള്‍ നഷ്‌ടമായി. നായകന്‍ ലോകേഷ്‌ രാഹുലിനെ (ഒന്ന്‌) രണ്ടാം ഓവറില്‍ നഷ്‌ടപ്പെട്ടു. വിക്‌ടര്‍ ന്യായുചി രാഹുലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഓപ്പണര്‍ ശിഖര്‍ ധവാനും (21 പന്തില്‍ നാല്‌ ഫോറുകളടക്കം 33) ശുഭ്‌മന്‍ ഗില്ലും (34 പന്തില്‍ 33) ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. ധവാനെ തനാക ചിവാങ ഇന്നസെന്റ്‌ കായയുടെ കൈയിലെത്തിക്കുമ്പോള്‍ സ്‌കോര്‍ 47 ലെത്തിയിരുന്നു. ഗില്ലിനു കൂട്ടായെത്തിയ ഇഷാന്‍ കിഷനും (ആറ്‌) നിരാശപ്പെടുത്തി. 13 പന്തുകള്‍ നേരിട്ട ഇഷാനെ ലൂക്‌ ജോങെ ബൗള്‍ഡാക്കി.
ഗില്ലിനെ ലൂക്‌ ജോങെ ബ്രാഡ്‌ ഇവാന്‍സിന്റെ കൈയിലെത്തിച്ചപ്പോള്‍ സിംബാബ്‌വേയ്‌ക്കു നേരിയ പ്രതീക്ഷയായി. ഇന്ത്യ നൂറ്‌ കടക്കാന്‍ മൂന്ന്‌ റണ്‍ അകലെ നില്‍ക്കേയാണു ഗില്‍ മടങ്ങിയത്‌. ദീപക്‌ ഹൂഡയും (36 പന്തില്‍ 25) സ്‌ഞ്ജുവും ചേര്‍ന്നതോടെ ആശങ്കയകന്നു. ജയത്തിന്‌ അരികേ ഹൂഡയും മടങ്ങി. സികന്ദര്‍ റാസയുടെ പന്തില്‍ ബൗള്‍ഡായാണു ദീപക്‌ ഹൂഡ പുറത്തായത്‌. അക്ഷര്‍ പട്ടേലിന്റെ കൂട്ടുപിടിച്ചാണു സഞ്‌ജു വിജയ റണ്ണെടുത്തത്‌. കായ എറിഞ്ഞ 26-ാം ഓവറിലെ നാലാമത്തെ പന്ത്‌ സിക്‌സറടിച്ചാണ്‌ സഞ്‌ജു ഇന്ത്യക്കു പരമ്പര ഉറപ്പാക്കിയത്‌.
ടോസ്‌ നേടിയ ലോകേഷ്‌ രാഹുല്‍ സിംബാബ്‌വേയെ ബാറ്റിങ്ങിനു വിട്ടു. ഒന്നാം ഏകദിനത്തില്‍ മൂന്ന്‌ വിക്കറ്റ്‌ നേടി തിളങ്ങിയ ദീപക്‌ ചാഹാലിനു പകരം ശാര്‍ദൂല്‍ ഠാക്കൂറിനെയാണ്‌ ഇന്ത്യ കളിപ്പിച്ചത്‌. കിട്ടിയ അവസരം ശാര്‍ദൂല്‍ ഠാക്കൂര്‍ മുതലാക്കി. ഏഴ്‌ ഓവറില്‍ 38 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത ശാര്‍ദൂല്‍ ബൗളര്‍മാരില്‍ കേമനായി. ഇന്നസെന്റ്‌ കായയും തകുസ്വാന്‍ഷെ കെയ്‌താനോയെയും കരുതലോടെയാണു തുടങ്ങിയത്‌. കെയ്‌താനോ (27 പന്തില്‍ 16) ആദ്യം പുറത്തായി. മുഹമ്മദ്‌ സിറാജ്‌ എറിഞ്ഞ ഒന്‍പതാം ഓവറില്‍ സഞ്‌ജു സാംസണിന്റെ ഡൈവിങ്‌ ക്യാച്ച്‌ കെയ്‌താനോയുടെ പുറത്തേക്കുള്ള വഴിയായി. സിറാജിന്റെ ഓഫ്‌ സ്‌റ്റമ്പിലേക്കു വന്ന പന്ത്‌ സ്വിങ്‌ ചെയ്‌ത് അകത്തേക്കു വന്നതോടെ കെയ്‌താനോ ബാറ്റ്‌ വയ്‌ക്കാന്‍ നിര്‍ബന്ധിതനായി. ബാറ്റില്‍ ഉരസിയ പന്ത്‌ പിന്നിലേക്ക്‌. ഇടതുവശത്തേക്കു പന്ത്‌ വരുമെന്ന കണക്കുകൂട്ടലില്‍നിന്ന സഞ്‌ജു വലത്തേക്കു മുഴുനീള ഡൈവ്‌ ചെയ്‌ത് പന്ത്‌ ഒറ്റക്കൈയിലാക്കി.
ശാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ 12-ാം ഓവറില്‍ ഇന്നസെന്റ്‌ കായയും സഞ്‌ജുവിനു ക്യാച്ച്‌ നല്‍കി. ലെഗ്‌സൈഡിലേക്കു പോയ ഒരു ഷോട്ട്‌ പിച്ചിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച കായയ്‌ക്കു പിഴച്ചു. ടൈമിങ്‌ പിഴച്ചപ്പോള്‍ പന്ത്‌ ഗ്ലൗസില്‍ ചെറുതായി ഉരസി സഞ്‌ജുവിന്റെ കൈയില്‍ ഭദ്രമായെത്തി. മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധ്‌വീറും (രണ്ട്‌) സഞ്‌ജുവിനു ക്യാച്ച്‌ നല്‍കി. പ്രസിദ്ധ കൃഷ്‌ണയായിരുന്നു ബൗളര്‍. നായകനും വിക്കറ്റ്‌ കീപ്പറുമായ റെഗിസ്‌ ചകാബ്‌വയും (രണ്ട്‌) പുറത്തായതോടെ ലോകേഷ്‌ രാഹുലിന്റെ തീരുമാനം ശരിയായെന്നു തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here