കോമൺവെൽത്ത് ഗെയിംസിലെ വനിതാ ട്വന്റി20യിൽ ബാർബഡോസിനെ കീഴടക്കി ഇന്ത്യ സെമിയിൽ

0

എഡ്ജ്ബാസ്റ്റൺ: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ട്വന്റി20യിൽ ബാർബഡോസിനെ കീഴടക്കി ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ശനിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 163 റൺസ് വിജയലക്ഷ്യം ആണ് ബാർബഡോസിന് മുൻപിൽ വെച്ചത്. എന്നാൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രമാണ് ബാർബഡോസിന് കണ്ടെത്താനായത്.

കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനം തുടരുന്ന രേണുക സിങ് 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ബാറ്റിംഗിൽ ഷെഫാലി വർമ്മയും, ജെമീമ റൊഡ്രിഗസും, ദീപ്തി ശർമ്മയും തിളങ്ങി. ഷഫാലി 26 പന്തിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സും അടിച്ച് നിൽക്കെ റൺഔട്ടായി. ജെമിമ 46 പന്തിൽ നിന്ന് 56 റൺസ് നേടി.

ദീപ്തി ശർമ 34 റൺസോടെയും പുറത്താവാതെ നിന്നു. സ്മൃതി മന്ദാന 5 റൺസും ഹർമൻ ആദ്യ പന്തിൽ ഡക്കായും മടങ്ങി. ഇന്ത്യക്കായി രേണുക സിങ് നാലും മേഘ്‌ന സിങ്, സ്‌നേഹ് റാണ, രാധാ യാദവ്, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയതാണ് ബാർബഡോസിനെ തളച്ചത്.

സൂപ്പർതാരം ഡീൻഡ്ര ഡോട്ടിൻ പൂജ്യത്തിനും ക്യാപ്റ്റൻ ഹെയ്ലി മാത്യൂസ് 9നും വിക്കറ്റ് കീപ്പർ ബാറ്റർ കിസിയ നൈറ്റ് മൂന്നിനും പുറത്തായപ്പോൾ നാലാമതായിറങ്ങി 16 റൺസെടുത്ത കിഷോണ നൈറ്റാണ് ബാർബഡോസിന്റെ ടോപ് സ്‌കോറർ. പുറത്താകാതെ 12 റൺസെടുത്ത ഷകീര സെൽമാൻ രണ്ടാമത്തെ ഉയർന്ന സ്‌കോറുകാരിയും.

ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ഓസ്ട്രേലിയയുമാണ് സെമിയിൽ കടന്നത്. ഓസ്ട്രേലിയ കളിച്ച മൂന്ന് മത്സരത്തിലും ജയം നേടി. ന്യൂസിലൻഡും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലേക്ക് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here