ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ക്കു തകര്‍പ്പന്‍ ജയം

0

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ക്കു തകര്‍പ്പന്‍ ജയം. മാഞ്ചസ്‌റ്റര്‍ സിറ്റി, ആഴ്‌സണല്‍ ടീമുകള്‍ രണ്ടാം ജയം കുറിച്ചപ്പോള്‍ ആസ്‌റ്റണ്‍ വില്ല ആദ്യമായി മുഴുവന്‍ പോയിന്റും സ്വന്തമാക്കി.
മാഞ്ചസ്‌റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളിന്‌ എ.എഫ്‌.സി. ബേണ്‍ബൗത്തിനെ നിലംപരിശാക്കി. ലെസ്‌റ്റര്‍ സിറ്റിക്കെതിരേ 4-2 ന്‌ ആഴ്‌സണല്‍ ജയിച്ചുകയറിയപ്പോള്‍ എവര്‍ട്ടണെ 2-1 ന്‌ ആസ്‌റ്റണ്‍വില്ല തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളില്‍ സതാംപ്‌ടണും ലീഡ്‌സ് യുണൈറ്റഡും രണ്ടുഗോള്‍ വീതമടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. കരുത്തരായ ന്യൂ കാസില്‍ യുണൈറ്റഡിനെ ബ്രൈറ്റണ്‍ ആന്‍ഡ്‌ ഹോവ്‌ ആല്‍ബിയോണ്‍ ഗോളടിക്കാന്‍ വിടാതെ തളച്ചു. ഫുള്‍ഹാം-വോള്‍വര്‍ഹാംപ്‌ടണ്‍ വാണ്ടറേഴ്‌സ് മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
എ.എഫ്‌.സി. ബേണ്‍മൗത്തിനെതിരേ സ്വന്തം തട്ടകമായ എത്തിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. 19-ാം മിനിറ്റില്‍ ഇന്‍കെ ഗുണ്ടൊവാനിലൂടെ സ്‌കോറിങ്‌ തുടങ്ങിയ സിറ്റി ആദ്യപകുതിയില്‍ത്തന്നെ മൂന്നു ഗോളിനു മുന്നിലെത്തി. കെവിന്‍ ഡിബ്രൂയ്‌നെ 31-ാം മിനിറ്റിലും ഫില്‍ ഫോഡന്‍ 37-ാം മിനിറ്റിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. രണ്ടാം പകുതിയിലും സിറ്റി മികച്ച കളി കെട്ടഴിച്ചു. എന്നാല്‍ ഗോള്‍മാത്രം ഒഴിഞ്ഞുനിന്നു. 79-ാം മിനിറ്റിലെ ലെര്‍മയുടെ സെല്‍ഫ്‌ ഗോളാണ്‌ രണ്ടാം പകുതിയില്‍ സിറ്റിയുടെ അക്കൗണ്ടിലെത്തിയത്‌.
പുതിയ താരങ്ങളെയെത്തിച്ച്‌ കരുത്തുകൂട്ടിയ ആഴ്‌സണലും രണ്ടാം മത്സരത്തില്‍ നാലു ഗോളടിച്ചു. മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍നിന്ന്‌ ടീമിലെത്തിയ ഗബ്രിയേല്‍ ജെസ്യൂസിന്റെ ഇരട്ടഗോളുകള്‍ ആഴ്‌സണല്‍ ജയത്തിനു മാറ്റുകൂട്ടി. 23, 35 മിനിറ്റുകളിലായിരുന്നു ജെസ്യൂസിന്റെ ഇരട്ടപ്രഹരം. ഗ്രാനിറ്റ്‌ ഷാക്ക (55), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (75) എന്നിവര്‍ പട്ടിക തികച്ചു. 53-ാം മിനിറ്റിലെ ആഴ്‌സണല്‍ താരം വില്യം സാലിബയുടെ സെല്‍ഫ്‌ ഗോളും 74-ാം മിനിറ്റിലെ ജെയിംസ്‌ മാഡിസന്റെ പ്രഹരവും ലെസ്‌റ്റര്‍ സിറ്റിയുടെ പരാജയഭാരം കുറച്ചു.
എവര്‍ട്ടന്‍-ആസ്‌റ്റണ്‍ വില്ല പോരാട്ടത്തില്‍ പിറന്ന മൂന്നു ഗോളുകളും വില്ലതാരങ്ങളുടെ വകയായിരുന്നു. ഡാനി ഇന്‍ഗ്‌സിലൂടെ അക്കൗണ്ട്‌ തുറന്ന വില്ല എമി ബ്യൂവെന്‍ഡിയയുടെ 85-ാം മിനിറ്റ്‌ ഗോളില്‍ വിജയമുറപ്പിച്ചു. എന്നാല്‍, കളി അവസാനിക്കാന്‍ നിശ്‌ചിതസമയത്തിനു മൂന്നു മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ ലൂക്കാസ്‌ ഡിഗ്‌നെയുടെ സെല്‍ഫ്‌ഗോള്‍ എവര്‍ട്ടനു പ്രതീക്ഷ പകര്‍ന്നു. സമനിലയ്‌ക്കായുള്ള അവരുടെ പോരാട്ടം പക്ഷേ, ലക്ഷ്യത്തിലെത്തിയില്ലെന്നു മാത്രം.
രണ്ടു ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞ സതാംപ്‌ടണ്‍-ലീഡ്‌സ് യുണൈറ്റഡ്‌ പോരാട്ടവും ആവേശകരമായിരുന്നു. സതാംപ്‌ടണിന്റെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോഡ്രിഗോയുടെ ഇരട്ടപ്രഹര(46, 60 മിനിറ്റുകള്‍) ത്തില്‍ ലീഡ്‌സാണ്‌ ആദ്യം മുന്നിലെത്തിയത്‌. വീറോടെ പൊരുതിയ ആതിഥേയര്‍ക്കായി ജോ അറിബോ 72-ാം മിനിറ്റില്‍ ഒരുഗോള്‍ മടക്കി. കെയ്‌ല്‍ വാക്കര്‍ പീറ്റേഴ്‌സിന്റെ 81-ാം മിനിറ്റ്‌ ഗോളില്‍ അവര്‍ സമനില കണ്ടെത്തുകയും ചെയ്‌തു.

ലെവര്‍ക്യൂസണ്‍ വീണു

ബര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്‌ ലീഗയില്‍ കരുത്തരായ ബയേര്‍ ലെവര്‍ക്യൂസണെ ഞെട്ടിച്ച്‌ ഓഗ്‌സ്ബര്‍ഗ്‌. ഹോഫന്‍ഹെയിം വിജയതീരത്തെത്തിയപ്പോള്‍ ആര്‍.ബി. ലെയ്‌പസിഗ്‌, വെല്‍ഡര്‍ബ്രെമന്‍ ടീമുകള്‍ സമനിലക്കുരുക്കില്‍പ്പെട്ടു.
സ്വന്തം തട്ടകത്തില്‍ 1-2 നാണു ലെവര്‍ക്യൂസന്റെ തോല്‍വി. ഹോഫന്‍ഹെയിം രണ്ടിനെതിരേ മൂന്നു ഗോളിനു ബോഷമിനെ കെട്ടുകെട്ടിച്ചു. ആര്‍.ബി. ലെയ്‌പ്സിഗ്‌-ഖോല്‍ മത്സരം 2-2 നു സമനിലയിലായി. സ്‌റ്റട്ട്‌ഗാര്‍ട്ടാണു വെല്‍ഡര്‍ബ്രെമനെ തളച്ചത്‌. സ്‌കോര്‍: 2-2. ഹെര്‍ത്ത ബി.എസ്‌.സി- ഫ്രാങ്ക്‌ഫര്‍ട്ട്‌ മത്സരവും 1-1 നു സമനിലയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here