കാബൂളിലെ പള്ളിയില്‍ വന്‍ സ്ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

0

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം. വടക്കൻ കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടതായും നാൽപ്പതിലേറെപ്പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം.

വൈകുന്നേരത്തെ പ്രാർഥന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വലിയ സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നുവെന്നാണ് വിവരം.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിൻറെ അന്വേഷണം തുടരുകയാണ്. മരണസംഖ്യ സംബന്ധിച്ച് താലിബാനും ഔദ്യോ​ഗിക വിശദീകരണം നൽകിയിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനവും നടന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച അഫ്ഗാനിൽ താലിബാൻറെ മുതിർന്ന പുരോഹിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൻറെ അലയൊലികൾ അടങ്ങുന്നതിന് മുൻപാണ് അഫ്ഗാൻ വീണ്ടും മറ്റൊരു ആക്രമണത്തെ നേരിടുന്നത്. ഐ.എസിനെതിരേ നിരന്തം പ്രസംഗിച്ചിരുന്ന ആളായിരുന്നു ഹഖാനി. ചാവേറാക്രമണത്തിൻറെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു.

Leave a Reply