പണത്തിനായി സ്വന്തം വീട്ടിൽ നിന്നും അടിച്ചുമാറ്റിയത് 550 പവന്റെ സ്വർണം; വ്യവസായിയും കാമുകിയും അറസ്റ്റിൽ

0

ചെന്നൈ: സഹോദര ഭാര്യയുടെയും അമ്മയുടെയും സ്വർണം അടിച്ചുമാറ്റി ചെറുപ്പക്കാരിയായ കാമുകിക്ക് നൽകിയ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയും പിടിയിലായി. ചെന്നൈ സ്വദേശിയായ ശേഖർ, കാമുകി സ്വാതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 550 പവന്റെ സ്വർണം ഇരുവരും ചേർന്ന് അടിച്ചുമാറ്റി എന്നാണ് പരാതിയിൽ പറയുന്നത്.

ചെന്നൈയ്ക്കടുത്ത് പൂനമല്ലിയിലാണ് സംഭവം. നഗരമധ്യത്തിൽ പലഹാരക്കടയും പണമിടപാട് സ്ഥാപനവുമൊക്കെയായി സമ്പന്നമായ കുടുംബമാണ് ശേഖറിന്റേത്. ഇതെല്ലാം നോക്കിനടത്തുന്നത് 40കാരനായ ശേഖരാണ്. ശേഖറിന്റെ ഭാര്യ ഏറെനാളായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് 22കാരിയായ സ്വാതിയുമായി ശേഖർ അടുപ്പത്തിലാകുന്നത്. പിന്നാലെ പണവും സ്വർണവുമെല്ലാം ശേഖർ സ്വാതിക്ക് നൽകി.
രണ്ട് വർഷമായി ശേഖറിന്റെ സഹോദരൻ രാജേഷുമായി പിണങ്ങികഴിയുന്ന ഭാര്യ അടുത്തിടെ വീട്ടിൽതിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഭർതൃമാതാവിന്റെ സ്വർണവും നഷ്ടമായിരുന്നു. രണ്ടുംകൂടി 550 പവൻ വരുമെന്നാണ് പരാതിയിൽ പറയുന്നത്. സഹോദരനാണ് പോലീസിൽ പരാതി നൽകിയത്.

വീട്ടിൽ പരിശോധന നടത്തിയ പോലീസിന് കവർച്ചയുടെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് അന്വേഷണം വീട്ടുകാർക്കുനേരെ തിരിഞ്ഞത്. വേളാച്ചേരി സ്വദേശിയായ സ്വാതിയുമായി ശേഖറിന് അടുപ്പമുണ്ടെന്നും വീട്ടിലെസ്വർണം രഹസ്യമായെടുത്ത് പലതവണകളിലായി ഇവർക്ക് കൊടുത്തതാണെന്നും പോലീസ് മനസ്സിലാക്കി. ആഡംബര ജീവിതം നയിക്കുന്ന സ്വാതിക്ക് ശേഖർ വിലകൂടിയ കാറും വാങ്ങിക്കൊടുത്തിരുന്നു.

രഹസ്യം പുറത്തായതോടെ ഒളിവിൽപ്പോയ ശേഖറിനെയും സ്വാതിയെയും പൂനമല്ലി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ ശേഖർ രണ്ടുവർഷം മുമ്പാണ് സ്വാതിയുമായി അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു.

Leave a Reply