കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതിൽ നിരാശ; കുരുക്ഷേത്രയിൽ യുവാവ് ആത്മഹത്യ ചെയ്തു; തൊട്ടടുത്ത ദിവസം വിസയെത്തി

0

കുരുക്ഷേത്ര: ഹരിയാണയിലെ കുരുക്ഷേത്രയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലിൽനിന്ന് കണ്ടെത്തി. ഷാബാദ് സബ് ഡിവിഷനിലുള്ള ഗോർഖ ഗ്രാമവാസിയായ വികേഷ് സൈനി (23) യാണ് മരിച്ചത്. കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതിൽ മനംനൊന്ത് യുവാവ് കനാലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. എന്നാൽ വ്യാഴാഴ്ച യുവാവിന്റെ സ്റ്റുഡന്റ് വിസയെത്തി. എന്നാൽ യുവാവിനെ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് പ്രദേശത്തെ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സുഹൃത്തിന് വിസ ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബിരുദ പഠനം പൂർത്തിയാക്കിയതോടെയാണ് യുവാവ് കാനഡയിൽ പോകാൻ ശ്രമം തുടങ്ങിയത്. യുവാവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെ യുവാവിന്റെ ചെരിപ്പും മോട്ടോർസൈക്കിളും കനാലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കനാലിൽ നടത്തിയ തിരിച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply