ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

0

ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷനും മാങ്കുളം മുൻ ലോക്കൽ സെക്രട്ടറിയുമായ പ്രവീൺ ജോസ് നേര്യമംഗലം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോയാണ് പുറത്തു വന്നത്. ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കരിക്കു വിൽപന നടത്തിയ 3 യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ടാണ് സിപിഐ നേതാവ് സംസാരിച്ചത്.

മാങ്കുളത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കുമ്പോൾ റേഞ്ച് ഓഫിസറെ കെട്ടിയിട്ട് അടി കൊടുത്തയാളാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രവീൺ സംഭാഷണം ആരംഭിക്കുന്നത്. അടി കൊടുത്ത ഒറ്റക്കാരണത്താലാണു ബ്ലോക്ക് പഞ്ചായത്ത് അംഗമാകാനും സ്ഥിരസമിതി അധ്യക്ഷ പദവിയിൽ എത്താനും തനിക്കു കഴിഞ്ഞതെന്നും പ്രവീൺ പറയുന്നു.

അതേസമയം പ്രവീൺ ജോസ് കാണിച്ചത് തെമ്മാടിത്തമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പ്രതികരിച്ചു. എന്തും വിളിച്ചുപറയാനുള്ളവരല്ല സിപിഐ അംഗങ്ങളെന്നും പ്രവീണിനെതിരെ പാർട്ടി ജില്ലാ സമ്മേളനത്തിനു മുൻപു തന്നെ ശക്തമായ നടപടി ഉണ്ടാകുമെന്നും ശിവരാമൻ പറഞ്ഞു. അടിമാലിയിൽ 26 മുതലാണ് ജില്ലാ സമ്മേളനം.

വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്ന് റേഞ്ച് ഓഫിസർ കെ.വി.രതീഷ് പറഞ്ഞു. ഉപയോഗിച്ച ശേഷമുള്ള കരിക്കിന്റെ തൊണ്ടും പ്ലാസ്റ്റിക് സ്ട്രോയും മറ്റും കാട്ടിൽ തള്ളിയ 3 കച്ചവടക്കാരെ വനത്തിൽ മാലിന്യം തള്ളിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

പ്രവീണിന്റെ സംഭാഷണം (ഓഡിയോ ക്ലിപ്പിൽ നിന്നുള്ളത്)

‘ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകിയ സാറിനെ അടിമാലി ടൗണിൽ പിടിച്ചു നിർത്തി ചെവിക്കുറ്റിക്കു 4 അടി തന്നാൽ വാങ്ങിക്കൊണ്ടു പോകും. കണ്ടാൽ അറിയാവുന്ന കുറെ പേർ ചേർന്ന് ആക്രമിച്ചു എന്ന ഒരു പരാതിയും കേസും മാത്രമാകും അനന്തര നടപടി. ഡിഎഫ്ഒയെ തടഞ്ഞതുൾപ്പെടെ 8 കേസുകൾ എന്റെ പേരിൽ മാങ്കുളത്തുണ്ട്. ഒന്നിൽ പോലും ഇതുവരെ ജയിലിൽ പോകേണ്ടി വന്നിട്ടില്ല. പോകേണ്ട സാഹചര്യം ഉണ്ടെന്നു കണ്ടാൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കും. അടി കിട്ടിയെന്ന വാർത്ത കുടുംബക്കാരും മക്കളും അറിഞ്ഞാൽ നാണക്കേടാണെന്ന് സാർ മനസ്സിലാക്കണം.’

LEAVE A REPLY

Please enter your comment!
Please enter your name here