കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

0

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇതോടെ കേസിൽ ഇഡി ഇടപെട്ടു തുടങ്ങുകയാണ്. കരുവന്നൂരിലെ യഥാർത്ഥ ഗൂഢാലോചന ഇനി പുറത്തു വന്നേക്കും.

കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വർഷമായിട്ടും സമർപ്പിച്ചിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതെല്ലാം മനസ്സിലാക്കിയാണ് ഇഡി എത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചനയിലേക്കും അന്വേഷണം നീണ്ടേക്കും.

ഇതോടെ സിപിഎമ്മിനെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള കേസിൽ കേന്ദ്ര ഏജൻസി പിടിമുറുക്കുന്നുവെന്ന വസ്തുതയാണ് തെളിയുന്നത്. സിപിഎമ്മിന്റെ തൃശൂർ നേതൃത്വത്തിനെതിരേയും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്.

ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്‌പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ഇതിന് കാരണം രാഷ്ട്രീയ സ്വാധീനമാണ്.

പണം തിരികെ നൽകാൻ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നൽകിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തിൽ പോലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് തേടിയിരുന്നു. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.

ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here