കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ ആദ്യഘട്ട വിജയം നേടിയെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ വിലയിരുത്തല്‍

0

കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ ആദ്യഘട്ട വിജയം നേടിയെന്നു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി.)ന്റെ വിലയിരുത്തല്‍. നാളെ കേസ്‌ കോടതിയുടെ പരിഗണനയിലെത്തും.
മസാല ബോണ്ട്‌ പുറത്തിറക്കിയതില്‍ ഇ.ഡി. അന്വേഷണം ചോദ്യം ചെയ്‌താണ്‌ കിഫ്‌ബി കോടതിയിലെത്തിയത്‌. കേസ്‌ കോടതിയുടെ അനുമതിയോടെ അന്വേഷണത്തിലേക്കു കടക്കാനാണു ഇ.ഡി. ഉദ്ദേശിച്ചതും കിഫ്‌ബി നേതൃത്വം അതില്‍ചെന്നു ചാടിയതും. കോടതിയില്‍ ഡോ. ടി.എം. തോമസ്‌ ഐസക്കും കിഫ്‌ബി സി.ഇ.ഒ: കെ.എം. ഏബ്രഹാമും ഇ.ഡി. നടപടിയെ എതിര്‍ക്കുകയാണ്‌.
ഫെമ നിയമലംഘനം ഇ.ഡിക്ക്‌ അന്വേഷിക്കാനാകില്ല, റിസര്‍വ്‌് ബാങ്കാണ്‌ ഇക്കാര്യം പരിശോധിക്കണ്ടതെന്നാണു സി.ഇ.ഒയുടെ വാദം. ഇ.ഡി. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചുപ്രവര്‍ത്തനം തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ കേസ്‌ പരിഗണിക്കുമ്പോള്‍ ഇ.ഡിയ്‌ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകും. കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്‌ച വരെ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെതിരേ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കിഫ്‌ബിമസാല ബോണ്ട്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ ഇ.ഡി. നല്‍കിയ സമന്‍സുകളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചായിരുന്നു തോമസ്‌ ഐസക്കിന്റെ പരാതി.
ആദ്യത്തെ സമന്‍സില്‍ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതില്‍ തന്റെയും കുടുംബംഗങ്ങളുടെയും വ്യക്‌തിവിവരങ്ങള്‍ തേടുന്നു. ഫെമ ലംഘനമെന്ന പേരില്‍ ഇ.ഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക്‌ വാദിച്ചു. എന്നാല്‍, അന്വേഷണ ഏജന്‍സിക്കു സംശയം തോന്നിയാല്‍ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്‌റ്റിസ്‌ വി.ജി. അരുണിന്റെ മറുചോദ്യം. മൊഴി എടുക്കാനുള്ള അന്വേഷണ ഏജന്‍സിയുടെ തീരുമാനത്തില്‍ എന്താണു കുഴപ്പമെന്നും സിംഗിള്‍ ബെഞ്ച്‌ തോമസ്‌ ഐസക്കിനോടു ചോദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതി ചോദ്യംചെയ്യല്‍ തടയില്ലെന്നാണു ഇ.ഡിയുടെ പ്രതീക്ഷ.

Leave a Reply