വർദ്ധിച്ചു വരുന്ന കുട്ടികളിലെ ലഹരി ഉപയോഗം; കണ്ണൂർ ജില്ലയിൽ മിന്നൽ പരിശോധനയുമായി എക്‌സൈസ് അധികൃതർ

0

കണ്ണൂർ: കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യമാണ് അടുത്തകാലങ്ങളിൽ ഉണ്ടാവുന്നത്. കണ്ണൂർ ജില്ലയിൽ കഞ്ചാവ് നൽകി വിദ്യാർത്ഥിനിയെ വിദ്യാർത്ഥി പീഡിപ്പിച്ച വാർത്തയടക്കം അടുത്തകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കുട്ടികളുടെ ഇടയിൽ എങ്ങനെയാണ് ലഹരി എത്തുന്നത് എന്നുള്ള കാര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

മട്ടന്നൂർ,ചാവശ്ശേരി പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അടുത്തുള്ള കടയിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ പരിശോധന നടന്നു. അപ്രതീക്ഷിതമായിരുന്നു പരിശോധന. ഈ പരിശോധനയിൽ കാര്യമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. മട്ടന്നൂർ സ്‌കൂളിന്റെ പരിസരങ്ങളിൽ ഉള്ള കടകളിൽ മുഴുവനായും കഴിഞ്ഞദിവസം പരിശോധന നടത്തി.

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന തുടരും. സ്‌കൂൾ പരിസരത്തും വിദ്യാർത്ഥികൾ പോകാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആയിരിക്കും പരിശോധന നടത്തുക. ജില്ലയിൽ കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടുന്നതായി നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനൊരു അറുതി വരുത്താനാണ് എക്‌സൈസിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പരിശോധന.

ഓണാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉടനീളം വ്യാജവാറ്റും, അനധികൃത മദ്യ വില്പനയും തടയുന്നതിനും കണ്ടെത്തുന്നതിനും ആയുള്ള ഓണം സ്‌പെഷ്യൽ ഡ്രൈവ് നടക്കുകയാണ്. ഇതിൽ നിരവധി വാറ്റ് കേന്ദ്രങ്ങളും അനധികൃതമായുള്ള മദ്യ കടത്തും കണ്ടെത്താൻ കഴിഞ്ഞിരുന്നു. ജില്ലയിൽ അനധികൃതമായി നടക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് തടയിടാനുള്ള ശ്രമമാണ് ജില്ലയിൽ ശക്തമായ നടന്നുകൊണ്ടിരിക്കുന്നത്.

Leave a Reply