യുപി സ്വദേശി മുബാറക് 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തായി വിവരം ലഭിച്ചിട്ടുണ്ടെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ

0

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോർത്ത് കളമശേരിയിലെ എടിഎമ്മിൽ നിന്നു 2 ദിവസങ്ങളിലായി 25,000 രൂപ തട്ടിയെടുത്ത യുപി സ്വദേശി മുബാറക് 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തായി വിവരം ലഭിച്ചിട്ടുണ്ടെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ പറഞ്ഞു.

തട്ടിയെടുത്ത തുക എത്രയെന്നു കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മുബാറക്ക് മോഷണം നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സാധാരണ നിലയിൽ എടിഎം പ്രവർത്തനക്ഷമമല്ലെങ്കിൽ നോട്ടുകൾ പുറത്തേക്കു വരാതെ മെഷീനിന്റെ ഉള്ളിലുള്ള പ്രത്യേക ഭാഗത്തു നിക്ഷേപിക്കപ്പെടുകയാണു പതിവ്. എന്നാൽ മുബാറക്ക് സ്ഥാപിക്കുന്ന പ്ലാസ്റ്റിക് കഷണം ഉള്ളിലുള്ളപ്പോൾ നോട്ടുകൾ അതിനു മുകളിൽ തങ്ങിനിൽക്കുന്നതിനാൽ പ്ലാസ്റ്റിക് പുറത്തേക്കു വലിക്കുമ്പോൾ നോട്ടുകളും അതിനൊപ്പം പുറത്തേക്കു വരും.

മുൻപും പിടിക്കപ്പെട്ടു

ഉത്തർപ്രദേശ് സ്വദേശിയായ മുബാറക് സുഹൃത്തായ മഹേഷ് അൻസാരിക്കൊപ്പം ഇത്തരത്തിലുള്ള എടിഎം കവർച്ചകൾ നടത്തി 2020ൽ പിടിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുബാറക് ലോറി ഡ്രൈവറുടെ ജോലി മതിയാക്കിയാണു തട്ടിപ്പിന് ഇറങ്ങിത്തിരിച്ചത്. എടിഎം കൗണ്ടറുകളിൽ നിരീക്ഷണ ക്യാമറയുണ്ടായിട്ടും മുബാറക്ക് മുഖം മറയ്ക്കാതെയാണു മോഷണം.

മോഷണരീതി പഠിച്ചത് വിഡിയോകളിലൂടെ

ഇത്തരം മോഷണ രീതികൾ പരിചയപ്പെടുത്തുന്ന വിഡിയോകൾ കണ്ടുപഠിച്ചാണു പ്രതി തട്ടിപ്പു നടത്തിയത്. സ്കെയിലിന്റെ രൂപത്തിൽ മുറിച്ചെടുത്ത പ്ലാസ്റ്റിക് കഷണം എടിഎമ്മിൽനിന്നു പണം പുറത്തേക്കു വരുന്ന ഭാഗത്ത് ഉള്ളിലേക്കു കടത്തിവച്ച് ഇടപാടുകാരന്റെ പണം പുറത്തേക്കു വരുന്നതു തടയുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. കാർഡ് ഇട്ടു പണം പിൻവലിക്കാൻ തുക ടൈപ്പ് ചെയ്യുന്നയാൾക്കു മെഷീൻ നോട്ട് എണ്ണുന്ന ശബ്ദം കേൾക്കാൻ കഴിയും. എന്നാൽ നോട്ടുകൾ പുറത്തേക്കു വരില്ല. പണം പിൻവലിക്കപ്പെട്ടതിന്റെ സന്ദേശം ഫോണിൽ ലഭിക്കുകയും ചെയ്യും.

മെഷീൻ പ്രവർത്തനക്ഷമമല്ലെന്നു തെറ്റിദ്ധരിച്ച് ഇടപാടുകാരൻ തുക അക്കൗണ്ടിലേക്കു തിരികെ നിക്ഷേപിക്കപ്പെടുമെന്നു കരുതി പുറത്തിറങ്ങുമ്പോൾ മുബാറക്ക് എടിഎം കൗണ്ടറിനുള്ളിൽ കയറി പ്ലാസ്റ്റിക് കഷണം വലിച്ചെടുക്കും.

Leave a Reply