സൈറ്റുകള്‍ തടയാന്‍ നടപടിവേണമെന്ന്‌ ആവശ്യം , അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ക്കും പോക്‌സോ: പോലീസിലും അതൃപ്‌തി

0

കുട്ടികളുടെ നഗ്‌നദൃശ്യങ്ങളും വീഡിയോകളും കാണുന്നവരെ പിടികൂടി പോക്‌സോ കേസെടുക്കുന്നതില്‍ പോലീസിനുള്ളില്‍ അതൃപ്‌തി.
സര്‍ക്കാര്‍ പോണ്‍സൈറ്റുകള്‍ തടയാതെ നിര്‍ബാധം കാണാന്‍ അവസരമൊരുക്കിയശേഷം പെട്ടുപോകുന്നവരെ ജാമ്യമില്ലാ വകുപ്പുചുമത്തി അറസ്‌റ്റുചെയ്‌തു റിമാന്‍ഡില്‍ വയ്‌ക്കുന്നതില്‍ യുക്‌തിയില്ലെന്നാണ്‌ പോലീസുകാര്‍തന്നെ പറയുന്നത്‌.
പലപ്പോഴും കേസെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്‌ഥ. ഇത്തരം വീഡിയോ കാണുന്നവരില്‍ ഏറെയും മാന്യമായി ജീവിക്കുന്നവരാണ്‌. ഇവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമില്‍നിന്നു ലഭിച്ചശേഷം വീടും ഓഫീസും അന്വേഷിച്ചെത്തിയാണു അറസ്‌റ്റ്‌. മിക്കവരുടെയും കുടുംബം നാട്ടില്‍ ജീവിക്കുന്നവരാകും. കുടുംബാംഗത്തെ അറസ്‌റ്റു ചെയ്യുന്നതോടെ നാണക്കേടായി ഇവരെല്ലാം കടുത്ത മനോവിഷമത്തിലാവുകയാണെന്നു റെയ്‌ഡിനു പോകുന്ന പോലീസുകാര്‍ പറയുന്നു. പോലീസ്‌ അന്വേഷിച്ചെത്തുമ്പോഴാകും വീട്ടുകാര്‍ അറിയുക. രണ്ടുവര്‍ഷം മുമ്പു രാമമംഗലത്ത്‌ പോലീസ്‌ കേസെടുത്ത യുവാവ്‌ ആത്മഹത്യചെയ്‌ത സംഭവമുണ്ടായിട്ടുണ്ട്‌.
പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതു തടയാന്‍ സൈബര്‍ഡോം ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ട്‌ റെയ്‌ഡ്‌ നടന്നുവരികയാണ്‌. കഴിഞ്ഞദിവസം നടന്ന റെയ്‌ഡില്‍ പത്തു പേര്‍ അറസ്‌റ്റിലായി. 161 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. അറസ്‌റ്റിലായവരില്‍ ഐ ടി മേഖലയിലെ പ്രഫഷണലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്‌.
കുടുംബാംഗം പോക്‌സോ കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്നതു നിരപരാധികളായ മറ്റു കുടുംബക്കാര്‍ക്കെല്ലാം നാണക്കേടായി മാറുന്നു. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ പോലീസുകാരും മടിക്കുകയാണ്‌. ഡിജിറ്റല്‍ തെളിവുള്ളതിനാല്‍, കേസ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ട അവസ്‌ഥയിലാണു തങ്ങളെന്നു പോലീസുകാര്‍ പറയുന്നു. ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ തടഞ്ഞതുപോലെ ഇന്റര്‍നെറ്റില്‍ കുട്ടികളുടെ പോണ്‍സൈറ്റുകളും നീക്കംചെയ്യുകയാണു പോംവഴിയെന്നാണു പോലീസുകാര്‍ പറയുന്നത്‌.
നവമാധ്യമങ്ങളില്‍ ഇതിനായി പേജുകളും വാട്‌സ്‌ ആപ്പ്‌, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കുന്നവര്‍ മാത്രമല്ല, ഇവ കാണുന്നവരും കുറ്റവാളികളാണ്‌. റെയ്‌ഡില്‍ പിടിയിലാകുന്നവരില്‍ ഏറെയും കാണുന്നവരാണ്‌. റെയ്‌ഡ്‌ വ്യാപകമാക്കിയതോടെ വാട്ട്‌സ്‌ആപ്പ്‌, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്‌റ്റ്‌വേറുകളുടെ സഹായത്തോടെ അവ മായ്‌ച്ചുകളയുന്ന വിദഗ്‌ധരു മുണ്ട്‌.
ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ്‌ ചെയ്യും. എന്നാല്‍, പിടിയിലാകുന്നവരിലേറെയും വൈദഗ്‌ധ്യം കുറഞ്ഞവരാണ്‌.കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌.

Leave a Reply