റേഷന്‍കടതല വിജിലന്‍സ് കമ്മിറ്റികള്‍ ചേരാൻ തീരുമാനം

0

പാലക്കാട്: റേഷന്‍കട തലത്തിൽ വിജിലന്‍സ് കമ്മിറ്റികള്‍ അടിയന്തരമായി ചേരാൻ ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അനര്‍ഹരായ ആളുകള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാന്‍ റേഷന്‍ കടകള്‍ അടിസ്ഥാനമാക്കി വിജിലന്‍സ് കമ്മിറ്റികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍, മത്സ്യ-മാംസങ്ങള്‍, പഴം-പച്ചക്കറി എന്നിവയുടെ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പാചകവാതകത്തിന് ഏജന്‍സികള്‍ വിവിധ വില ഈടാക്കുന്നത് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളിലൂടെ ദിനംപ്രതി വില വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കുമെന്ന് എ.ഡി.എം അറിയിച്ചു.

അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് അരിയും വിഷാംശമുള്ള പാലും പിടിച്ചെടുക്കുന്നതിന്റെ അളവ് ദിനംപ്രതി കൂടുന്നുണ്ട്. ഓണം സീസണ്‍ കണക്കിലെടുത്ത് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നു.

Leave a Reply