ഡാലസ് കേരള അസോസിയേഷൻ സ്പോർട്സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോൾ മത്സരത്തിൽ ഡാലസ് കേരള അസോസിയേഷൻ വോളിബോൾ കിരീടം കരസ്ഥമാക്കി

0

ഡാലസ് ∙ ഡാലസ് കേരള അസോസിയേഷൻ സ്പോർട്സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോൾ മത്സരത്തിൽ ഡാലസ് കേരള അസോസിയേഷൻ വോളിബോൾ കിരീടം കരസ്ഥമാക്കി. ജൂലൈ 30 ന് ഡാലസ് സ്പോർട്സ് പ്ലെക്സിൽ നടന്ന വോളിബോൾ മത്സരത്തിൽ ആറു ടീമുകൾ പങ്കെടുത്തിരുന്നു. സണ്ണിവെയ്‍ൽ മേയർ സജി ജോർജ് മുഖ്യാതിഥിയായിരുന്നു.

ഫൈനൽ മത്സരത്തിൽ ഫാർമേഴ്സ് മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളിൽ കേരള അസോസിയേഷൻ കിരീടം നേടിയത്. ഷിബു, ബേബി, സി.വി.ജോർജ് എന്നിവർ കളി നിയന്ത്രിച്ചു. വിജയികളെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വർ മാമ്പിള്ളി, സ്പോർട്സ് ഡയറക്ടർ നെബു കുരിയാക്കോസ് എന്നിവർ അഭിനന്ദിച്ചു.

വിജയിച്ച വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ജോസഫ് മോഹനും ചെറിയാൻ ചൂരനാട് മാനേജരുമായിരുന്നു. ഡാലസ് – ഫോർട്ട്‌വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മത്സരം കാണുന്നതിനു നിരവധി ആളുകൾ എത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കും, കാണികൾക്കും സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു.

Leave a Reply