കുറുപ്പംപടിയിൽ പാറമടയിൽ കുളിച്ചതിന് ദളിത് ദമ്പതികൾക്ക് മർദ്ദനം;തടിക്കുളങ്ങര വർഗീസിനെതിരെ കേസെടുത്തു; ഡിവൈ.എസ്.പി അനുജ് പാലിവാൽ കേസ് നേരിട്ട് അന്വേഷിക്കും

0

പെരുമ്പാവൂർ: പാറമടയിൽ കുളിച്ചതിന് ദളിത് ദമ്പതികളെ മർദ്ദിച്ച കേസിൽ പാറമട ഉടമയ്ക്കെതിരെ കേസ് എടുത്തു. തടിക്കുളങ്ങര വർഗീസിനെതിരെ (കുഞ്ഞപ്പൻ, 74) എസ്.സി എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം പ്രകാരമാണ് കോടനാട് പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ ഡിവൈ.എസ്.പി അനുജ് പാലിവാൽ കേസ് നേരിട്ട് അന്വേഷിക്കും. അന്യായമായി തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളിലും കേസെടുത്തു.മുടക്കുഴ പഞ്ചായത്തിലെ ചുണ്ടക്കുഴി കാഞ്ഞിരക്കോട് എസ്.സി കോളനി നിവാസികളായ കാഞ്ഞിരക്കോട് വീട്ടിൽ പി.സി. രതീഷ്, ഭാര്യ പി.ബി. ശാലു എന്നിവർക്കാണ് വടികൊണ്ടുള്ള മർദ്ദനത്തിൽ പരിക്കേറ്റത്.

ഒരേക്കറിലധികം വരുന്ന പാറമട ദീർഘനാളായി പ്രവർത്തിക്കുന്നില്ല. കുളത്തിനോട് ചേർന്ന പുറമ്പോക്ക് കെട്ടിയെടുക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. ഹൈക്കോടതിയെയും സമീപിച്ചു. പഞ്ചായത്ത് സൈഡ് കെട്ടിയിട്ടുള്ള കുളമാണിത്

തൊട്ടടുത്ത് തന്നെയുള്ള കാഞ്ഞി​രക്കോട് എസ്.സി കോളനിയിലെ 14 കുടുംബങ്ങൾ വർഷങ്ങളായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത് ഈ കുളമാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങളുടെ ഏക ജലസ്രോതസാണിത്.കുളം ഇവർ ഉപയോഗിക്കാതിരിക്കാൻ മത്സ്യകൃഷിയുടെ മറവിൽ കോഴിവേസ്റ്റും കോഴി​വളവും മറ്റു മാലിന്യങ്ങളും ഇട്ട് വെള്ളം മലിനമാക്കാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

ശനിയാഴ്ച നടന്ന അക്രമത്തിൽ പരിക്കേറ്റ ദമ്പതികൾ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ പ്രതി വർഗീസും ഇന്നലെ ഇതേ ആശുപത്രിയിൽ അഡ്മിറ്റായി.
ശാലു ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കോടനാട് പൊലീസ് ഇന്നലെ സ്ഥലത്ത് എത്തി തെളിവെടുത്തു.വർഗീസിന്റെ രണ്ട് ആൺമക്കൾ വിദേശത്താണ്. പാറമടയ്ക്ക് സമീപമുള്ള വീട്ടിൽ ഇയാളും ഭാര്യയും മരുമക്കളുമാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here