ഓട്ടോയിൽ ചുറ്റിയ ഫോൺ കണ്ടെത്താൻ സൈബർ പൊലീസിന്റെ ‘ഓപ്പറേഷൻ ജാവ

0

കോട്ടയം: ആധുനിക സൈബർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണ് കോട്ടയത്തെ സൈബർ പൊലീസ്‌ വിഭാ​ഗം. ചുങ്കത്തുനിന്നും ഭാരത് ആശുപത്രിയിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ട വിദ്യാർത്ഥിനിയുടെ മൊബൈൽഫോൺ കണ്ടെത്തുന്നതിനാണ്‌ പുതിയ സാധ്യതകൾ ഉപയോ​ഗപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഏട്ടരയോടെയാണ് ഫോൺ നഷ്ടമായ കാര്യം സൈബർ സെല്ലിൽ അറിയിച്ചത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്.

ജില്ലാ പൊലീസ്‌ ചീഫിന്റെ നിർദേശപ്രകാരം സൈബർസ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി എൻ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോർജ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ലൊക്കേഷൻ ട്രേസുചെയ്തു. കോടിമത ബോട്ട്‌ ജെട്ടിയുടെ സമീപത്ത്‌ ഫോൺ ഉണ്ടെന്ന്‌ മനസ്സിലാക്കി. എന്നാൽ ആദ്യഘട്ടതെരച്ചിലിൽ സ്ഥലം കണ്ടെത്താനായില്ല. സൈലന്റ് മോഡിലായിരുന്നതും തെരച്ചിൽ ദുഷ്‌ക്കരമാക്കി.

പിന്നീട്‌ പൊലീസ് ഓഫീസർ ജോർജ് ജേക്കബ് നേരിട്ടെത്തിയും സിവിൽ പൊലീസ് ഓഫീസർ ജോബിൻസ് ജെയിംസിന്റെ ഇടപെടൽവഴിയും കോടിമത ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നും ഓട്ടോയിൽ ഫോൺ കണ്ടെത്തി. സാംസങ് ജെ നാല്‌ ഇനത്തിൽപ്പെട്ട ആൻഡ്രോയിഡ് ഫോണാണ് നഷ്ടപ്പെട്ടത്. കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കിയുള്ള അന്വേഷണം രണ്ടരമണിക്കൂർകൊണ്ട്‌ ഫോൺ തിരികെ കിട്ടുന്നതിന്‌ സഹായിച്ചു.

Leave a Reply