പാർട്ടിക്ക് ജനമനസുകളിലെ സ്ഥാനം നേതാക്കളായി കളയരുതെന്നു സി.പി.ഐ

0

പാലക്കാട്: പാർട്ടിപ്രവർത്തനത്തിനിടെ വിവാഹം കഴിക്കാൻപോലും കൂട്ടാക്കാതിരുന്ന എ.കെ. രാമൻകുട്ടിയും ഇ.പി. ഗോപാലനുമൊക്കെ പ്രവർത്തിച്ച പാർട്ടിയാണ് സി.പി.ഐ.യെന്നും പാർട്ടിക്ക് ജനമനസുകളിലെ സ്ഥാനം നേതാക്കളായി കളയരുതെന്നും സി.പി.ഐ. സമ്മേളനപ്രതിനിധികൾ. പട്ടാമ്പിയിൽ സമാപിച്ച ജില്ലാസമ്മേളനത്തിലെ പ്രവർത്തനറിപ്പോർ‌ട്ടിന്മേലുള്ള ചർച്ചയ്ക്കിടെയാണ് പ്രതിനിധികൾ തുറന്നടിച്ചത്. പാർട്ടി അനുകൂല സർവീസ് സംഘടനകൾക്ക് മണ്ഡലതലത്തിലും പ്രാദേശികതലത്തിലും പ്രവർത്തകരുമായി ബന്ധമില്ലെന്നും റവന്യൂ, കൃഷി ഉൾപ്പെടെ പാർട്ടി ഭരിക്കുന്ന വകുപ്പുകളെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിൽ സമവായശ്രമങ്ങൾ പാളിയതോടെ സി.പി.ഐ. പാലക്കാട് ജില്ലാസമ്മേളനത്തിൽ വാഗ്വാദവും നാടകീയരംഗങ്ങളും. ജില്ലാ കൗൺസിലിലേക്ക് ഏഴുമണിക്കൂർനീണ്ട വോട്ടെടുപ്പ്‌ നടന്നു. 45 അംഗ ഔദ്യോഗികപാനലിനുപുറത്തുനിന്ന് മത്സരിച്ച 15 പേരിൽ വനിത ഉൾപ്പെടെ നാലുപേർ ജയിച്ചു.

പുതിയ ജില്ലാ സെക്രട്ടറിയായി കെ.പി. സുരേഷ് രാജിനെ സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ചേരിതിരിഞ്ഞ് വാഗ്വാദമാരംഭിച്ചത്. വാഗ്വാദം അതിരുകടന്നപ്പോൾ ഒരുഘട്ടത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. കർശനമായി ഇടപെട്ടു. മണ്ണാർക്കാട്ടുനിന്നുള്ള സീമ കൊങ്ങശ്ശേരി, ടി.എസ്. ദാസ് പുതുപ്പരിയാരം, എം.എസ്. രാമചന്ദ്രൻ കൊല്ലങ്കോട് എന്നിവരാണ് ഔദ്യാഗികപാനലിനുപുറത്തുനിന്ന് മത്സരിച്ചുജയിച്ചത്. നെല്ലിയാമ്പതിയിൽനിന്നുള്ള എം.ആർ. സുകുമാരനും അട്ടപ്പാടി ലോക്കൽ സെക്രട്ടറി കുമാർ മുള്ളിക്കും 87 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പിൽ ഭാഗ്യം കുമാറിന് അനുകൂലമായി.

വ്യാഴാഴ്ച വൈകീട്ട്‌ സംസ്ഥാനനിർവാഹകസമിതി അംഗം വി. ചാമുണ്ണിയാണ് പാനൽ അവതരിപ്പിച്ചത്. ഈ ഘട്ടത്തിൽത്തന്നെ വിവാദമുയർന്നു. ഇതിനുപിന്നാലെ പാനലിനുപുറത്തുനിന്ന് 12 പേർ മത്സരിക്കാൻ തയ്യാറായി. അതോടെ ഔദ്യോഗികവിഭാഗത്തെ അനുകൂലിക്കുന്ന മുന്നുപേർക്കൂടി മത്സരിക്കാനിറങ്ങി. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. 215 പ്രതിനിധികളിൽ വോട്ടവകാശമുള്ള 186 പേരാണ് വോട്ടുചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരവരെ വോട്ടെടുപ്പ് നീണ്ടു. നാലുമണിയോടെ വോട്ടെണ്ണിത്തുടങ്ങി. എട്ടേകാലിനാണ് പൂർത്തിയായത്. നാലുവോട്ട് അസാധുവായി.

Leave a Reply