ഓണ്‍ലൈന്‍ മന്ത്രിസഭായോഗത്തില്‍ സി.പി.ഐ. മന്ത്രിമാരോടു പൊട്ടിത്തെറിച്ച്‌ മുഖ്യമ്രന്തി പിണറായി വിജയന്‍

0

ഓണ്‍ലൈന്‍ മന്ത്രിസഭായോഗത്തില്‍ സി.പി.ഐ. മന്ത്രിമാരോടു പൊട്ടിത്തെറിച്ച്‌ മുഖ്യമ്രന്തി പിണറായി വിജയന്‍ . വകുപ്പുമന്ത്രിമാര്‍ അറിയാതെയും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യാതെയും ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിനെതിരേ മന്ത്രി കെ. രാജന്‍ പ്രതിഷേധമറിയിച്ചപ്പോഴാണു മുഖ്യമന്ത്രി രോഷാകുലനായത്‌. പ്രതിഷേധങ്ങളേത്തുടര്‍ന്ന്‌ ആലപ്പുഴ ജില്ലാ കലക്‌ടര്‍ സ്‌ഥാനത്തുനിന്നു മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ താനറിയാതെ സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ നിയമിച്ചതില്‍ മന്ത്രി ജി.ആര്‍. അനില്‍ അതൃപ്‌തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു.
അതൃപ്‌തിയുണ്ടെങ്കില്‍ ഉന്നയിക്കാനുള്ള വേദിയാണല്ലോ മന്ത്രിസഭായോഗം. എന്നാല്‍ നിങ്ങള്‍ എന്താണു ചെയ്‌തത്‌? അതൃപ്‌തിയറിയിച്ച്‌ കത്തെഴുതിയശേഷം സകല മാധ്യമങ്ങള്‍ക്കും കൊടുത്ത്‌ വാര്‍ത്തയാക്കിയില്ലേ? ഇത്രയൊക്കെ ചെയ്‌തിട്ട്‌ പിന്നെയിവിടെ വന്ന്‌ ഉന്നയിക്കുന്നത്‌ എന്തിനാണ്‌?- മുഖ്യമന്ത്രി ചോദിച്ചു. പുതിയ മന്ത്രിയാകുമ്പോള്‍ പരിചയക്കുറവ്‌ കാണുമെന്നും കാര്യങ്ങള്‍ ആലോചിച്ച്‌ തീരുമാനിക്കുന്നയാളാണു ചീഫ്‌ സെക്രട്ടറിയെന്നും പറഞ്ഞ്‌ മുഖ്യമ്രന്തി വിഷയം അവസാനിപ്പിക്കുകയും െചയ്‌തു.
സി.പി.ഐ. മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ വിവാദനായകരായ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിനോടു സി.പി.ഐയുടെ അതൃപ്‌തി അറിയിക്കുന്നുവെന്നാണു മന്ത്രി രാജന്‍ യോഗത്തില്‍ പറഞ്ഞത്‌. മുന്‍കാലങ്ങളില്‍ മന്ത്രിസഭായോഗത്തിലാണ്‌ ഐ.എ.എസ്‌. നിയമനങ്ങള്‍ തീരുമാനിച്ചിരുന്നത്‌. ആ കീഴ്‌വഴക്കം തുടരണം. കലക്‌ടര്‍മാരുടെ നിയമനത്തില്‍ അതതു ജില്ലയില്‍നിന്നുള്ള മന്ത്രിമാരുടെ അഭിപ്രായം തേടണമെന്നും രാജന്‍ ആവശ്യപ്പെട്ടു. ശ്രീറാമിന്റെ നിയമനം താനറിഞ്ഞില്ലെന്നു മന്ത്രി അനിലും പറഞ്ഞു.
കഴിഞ്ഞയാഴ്‌ചത്തെ മന്ത്രിസഭായോഗത്തിലും ഇതേവിഷയം സി.പി.ഐ. മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്ന്‌ ചില സി.പി.എം. മന്ത്രിമാരും പിന്തുണച്ചു. ഇതേത്തുടര്‍ന്ന്‌, അതതു മന്ത്രിമാരുമായി ആലോചിച്ചിട്ടേ വകുപ്പുമേധാവികളെ നിശ്‌ചയിക്കാവൂവെന്ന്‌ മുഖ്യമന്ത്രി ചീഫ്‌ സെക്രട്ടറിയോട്‌ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രായ്‌ക്കുരാമാനം സപ്ലൈകോ ജനറല്‍ മാനേജരായി ജോയിന്റ്‌ സെക്രട്ടറി പദവിയില്‍ നിയമിച്ചതാണു ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിനെ ചൊടിപ്പിച്ചത്‌. ഇതില്‍ അതൃപ്‌തിയറിയിച്ച്‌ അദ്ദേഹം മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കിയതു വാര്‍ത്തയാവുകയും ചെയ്‌തു.
ഭരണനേതൃത്വത്തിലെ ഉന്നതനിര്‍ദേശപ്രകാരമാണു തങ്ങളറിയാതെ ഐ.എ.എസ്‌. നിയമനങ്ങളില്‍ ചീഫ്‌ സെക്രട്ടറി ഉത്തരവിറക്കുന്നതെന്ന സംശയം ചില സി.പി.ഐ. മന്ത്രിമാര്‍ക്കുണ്ട്‌. മൃഗസംരക്ഷണവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണവിധേയനായ എം. ശിവശങ്കറിനെ നിയമിച്ചതു വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അറിയാതെയാണെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ഹൗസിങ്‌ ബോര്‍ഡ്‌ കമ്മിഷണറായിരുന്ന എന്‍. ദേവീദാസിനെ മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പില്‍ നിയമിച്ചതിനോടു വ്യവസായമന്ത്രി പി. രാജീവിനും അതൃപ്‌തിയുണ്ടായിരുന്നെന്നാണു സൂചന.

Leave a Reply