കുര്‍ബാന ഏകീകരണ വിവാദം , കടുത്ത നടപടിക്കൊരുങ്ങി മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

0

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയില്‍ എതിര്‍പ്പുകള്‍ മറികടന്ന്‌ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ നടത്തുന്ന നീക്കത്തിന്റെ ആദ്യ പടിയായ ഇന്നത്തെ വൈദികയോഗം ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകം. ഏകീകൃത കുര്‍ബാന നടപ്പാക്കുകയെന്ന മുഖ്യ അജന്‍ഡയില്‍ ഊന്നിയാണ്‌ മാര്‍ താഴത്തിന്റെ നീക്കങ്ങള്‍. ഇതിനു മുന്നോടിയായി മാര്‍ താഴത്ത്‌ അതിരൂപതയിലെ 16 ഫൊറോന വികാരിമാരുടെ യോഗം വിളിച്ചിരുന്നു.
കൂരിയയുടെ അഴിച്ചുപണി ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു പുറമെ, അടുത്ത ഏഴിന്‌ അല്‍മായ മുന്നേറ്റം സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താക്കീതുകൂടി ലക്ഷ്യമിട്ടാണ്‌ ഇന്നു യോഗം വിളിച്ചിരിക്കുന്നത്‌. എറണാകുളം സെന്റ്‌ മേരീസ്‌ ബസലിക്കയില്‍ രാവിലെ 10നു ചേരുന്ന യോഗത്തില്‍ നിലപാട്‌ ഒന്നുകൂടി കര്‍ശനമായി അവതരിപ്പിക്കുകയാണു ലക്ഷ്യം. വൈദിക കൂട്ടായ്‌മയില്‍ പരമാവധി വൈദികര്‍ പങ്കെടുക്കണമെന്നു നിര്‍ദേശമുണ്ട്‌. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കും. അതിരൂപതയിലെ വൈദികരുടെ പിന്തുണ നേടുക എന്ന ലക്ഷ്യവും യോഗത്തിനു പിന്നിലുണ്ട്‌.
അതേസമയം, ഇന്നത്തെ യോഗത്തെ തങ്ങളുടെ നിലപാടറിയിക്കാനുള്ള വേദിയായി കാണാനാണ്‌ കര്‍ദ്ദിനാളിനെ എതിര്‍ക്കുന്ന വൈദികരുടെ തീരുമാനം. പരസ്യപ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കണമെന്ന അഭ്യര്‍ഥന അഡ്‌മിനിസ്‌ട്രേറ്റര്‍ യോഗത്തില്‍ മുന്നോട്ടുവയ്‌ക്കുമെന്നാണ്‌ സൂചന. ഏഴിനു കലൂര്‍ സ്‌റ്റേഡിയത്തില്‍ അല്‍മായ മുന്നേറ്റം സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണ മഹാസംഗമത്തെ അതീവ ഗൗരവത്തോടെയാണ്‌ കര്‍ദ്ദിനാള്‍ പക്ഷം കാണുന്നത്‌.
വിശ്വാസസംഗമത്തില്‍ കാല്‍ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ്‌ അല്‍മായ മുന്നേറ്റത്തിന്റെ കണക്കുകൂട്ടല്‍. അതിരൂപതയ്‌ക്കു വെളിയില്‍നിന്നുകൂടി ആളുകളെയെത്തിച്ചു പരമാവധി ശക്‌തി പ്രകടിപ്പിക്കുകയാണ്‌ ലക്ഷ്യം. ഓരോ കുടുംബയൂണിറ്റുകളില്‍നിന്നും 15 പേര്‍ വീതമെങ്കിലും പങ്കെടുക്കണമെന്നാണ്‌ നിര്‍ദേശം. മഴ കണക്കാക്കി 30,000 ചതുരശ്രയടി വിസ്‌തൃതിയില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ പന്തലുമുയരും. ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്‌ക്കുന്ന പ്രമുഖര്‍ പ്രസംഗിക്കും.
സ്‌ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രതീക്ഷിച്ചുവേണം കല്‍ദായവല്‍ക്കരണ നീക്കത്തെ തങ്ങള്‍ക്കു നേരിടാനെന്നു വൈദികരില്‍ ചിലര്‍ പറഞ്ഞു. വിമത വിഭാഗത്തെ നയിക്കുന്നവരെ പള്ളികളുടെ ചുമതലയില്‍നിന്ന്‌ ഒഴിവാക്കി അതിരൂപതയ്‌ക്കു വെളിയിലുള്ള സ്‌ഥാപനങ്ങളിലേക്കും മറ്റും മാറ്റുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്‌.
വൈദികര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കുലര്‍കൂടി ഈയാഴ്‌ച അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പുറപ്പെടുവിച്ചേക്കും. അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കാതെ വൈദികരില്‍ വലിയൊരുവിഭാഗം തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here