വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ; കുറ്റപത്രം തള്ളി പോക്‌സോ കോടതി

0

പാലക്കാട്: വാളയാർ പീഡനക്കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പോക്‌സോ കോടതി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.

കേരളാ – തമിഴ്‌നാട് അതിര്‍ത്തിയില്‍ വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതാണ് വാളയാര്‍ കേസ്.
മൂത്ത കൂട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകമാണോ എന്ന് സംശയം ഉള്ളതിനാല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മൂത്തകുട്ടിയുടെ മരണം ക്രൈം നമ്പര്‍ 43/2017 പ്രകാരവും രണ്ടാമത്തെ പെണ്‍കുട്ടിയുടേത് ക്രൈം നമ്പര്‍ 240/2017 പ്രകാരവുമാണ് വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസും രാഷ്ട്രീയക്കാരും പ്രതികള്‍ക്കൊപ്പം
തുടക്കം മുതല്‍ കേസ് അട്ടിമറിക്കുന്ന സമീപനമാണ് പൊലീസും അധികൃതരും സ്വീകരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രണ്ട് പെണ്‍മക്കളെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരില്‍ കണ്ടെന്ന് മൂത്തമകള്‍ മരിച്ച ശേഷം പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ജാമ്യത്തിലിറക്കി.
ആദ്യത്തെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു- രക്ഷിതാക്കളും വീട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ഇളയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അവളുടെ പെറ്റിക്കോട്ടിനുളളില്‍ ചേച്ചിയുടെ ഫോട്ടോ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ബന്ധുക്കളായ ചിലരെ പ്രതികളാക്കി പൊലീസ് അന്വേഷണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here