‘മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐയോ ഇഡിയോ അറസ്റ്റ് ചെയ്തേക്കാം’;’അഴിമതിയല്ല അവരുടെ പ്രശ്നം, കെജ്രിവാളാണ്’; വെളിപ്പെടുത്തലുമായി മനീഷ് സിസോദിയ

0

ന്യൂഡല്‍ഹി: അടുത്ത മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അറസ്റ്റിലായേക്കാമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. സ്വന്തം വസതിയില്‍ നടന്ന സിബിഐ റെയ്ഡിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ്. റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. അഴിമതിയൊന്നും സംസ്ഥാന മദ്യനയവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ് ഇത്തരം രാഷ്ട്രീയ നീക്കങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സിസോദിയ ആരോപിച്ചു.

‘മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐയോ ഇഡിയോ അറസ്റ്റ് ചെയ്തേക്കാം. ഞങ്ങള്‍ ഭയപ്പെടില്ല. ഞങ്ങളെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. 2024 ലെ തിരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലായിരിക്കും’- ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിസോദിയ പ്രതികരിച്ചു. അഴിമതിയല്ല അവരുടെ പ്രശ്നം, കെജ്രിവാളാണ്. തനിക്കെതിരെയുള്ള എല്ലാ നീക്കങ്ങളും കെജ്രിവാളിന്റെ മുന്നേറ്റം തടയാന്‍ വേണ്ടിയാണെന്നും സിസോദിയ ആരോപിച്ചു. ഒരു തരത്തിലുള്ള അഴിമതിയും താന്‍ ചെയ്തിട്ടില്ല. കെജ്രിവാള്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മാത്രമാണ് താന്‍.

മദ്യനയം തികച്ചും സുതാര്യവും സത്യസന്ധവുമായിരുന്നു. മുന്‍ലഫ്റ്റനന്റ് ഗവര്‍ണര്‍ (അനില്‍ ബൈജാല്‍) അതിനെിരെ ഗൂഢാലോചനയ്ക്ക് മുതിര്‍ന്നിരുന്നില്ലെങ്കില്‍ സര്‍ക്കാരിന് 10,000 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കുമായിരുന്നെന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. താനും കുടുംബാംഗങ്ങളും സിബിഐ റെയ്ഡുമായി പൂര്‍ണമായി സഹകരിച്ചതായി വെള്ളിയാഴ്ച സിസോദിയ പറഞ്ഞിരുന്നു. എഎപി യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സിബിഐ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. സിസോദിയയുടെ വസതിയില്‍ നീണ്ട 14 മണിക്കൂറാണ് സിബിഐ പരിശോധന നടത്തിയത്.

2024 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമത്സരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്രിവാളും തമ്മിലായിരിക്കുമെന്നും സിസോദിയ അവകാശപ്പെട്ടു. കെജ്രിവാള്‍ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മോദി സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും സിസോദിയ കുറ്റപ്പെടുത്തി. കെജ്രിവാളിനോടുള്ള ജനങ്ങളുടെ ഇഷ്ടമാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. ദേശീയ നേതാവായി കെജ്രിവാള്‍ വരുമെന്ന ആശങ്കയാണ് അവരെ കൊണ്ട് ഇത്തരത്തിലുള്ള രാഷ്ട്രീയക്കളികള്‍ നടത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന മന്ത്രിമാരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന മോദിയുടെ നടപടി നല്ലതിനല്ല. ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്ത പോലെ താനും ഏതാനും ദിവസത്തിനുള്ളില്‍ അറസ്റ്റിലാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here