ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിച്ചു

0

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇന്നലത്തെ ജലനിരപ്പ്‌ 2375.84 അടിയാണ്‌. 2375.53 അടിയാകുമ്പോഴാണ്‌ ബ്ലൂ അലര്‍ട്ട്‌ പ്രഖ്യാപിക്കേണ്ടത്‌. കഴിഞ്ഞ വര്‍ഷം ഇതേദിവസം ജലനിരപ്പ്‌ 2371.04 അടിയായിരുന്നു. സംഭരണശേഷിയുടെ 69.20 ശതമാനം വെള്ളമാണുള്ളത്‌. ഇന്നലെ 65 മില്ലീ മീറ്റര്‍ മഴപെയ്‌തു. ചെറിയ ചാറ്റല്‍മഴ മാത്രമേ പെയ്‌തുള്ളുവെങ്കിലും നീരൊഴുക്കുള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുകയാണ്‌. 2381.53 അടിയാകുമ്പോള്‍ ഓറഞ്ച്‌ അലര്‍ട്ടും 2382.53 അടിക്ക്‌ റെഡ്‌ അലര്‍ട്ടും പ്രഖ്യാപിക്കും.

മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട: മന്ത്രി റോഷി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ കുറയുന്നതിനാല്‍ ആശങ്ക വേണ്ടെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട്‌ അവലോകന യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.
ഈ മാസം 10 വരെ 137.5 അടിയാണ്‌ റൂള്‍ കര്‍വ്‌. നിലവില്‍ 134.85 അടിയാണ്‌ ജലനിരപ്പ്‌. അതുകൊണ്ടുതന്നെ അണക്കെട്ട്‌ തുറന്നു വിടേണ്ട സാഹചര്യമില്ല. തിങ്കള്‍ വൈകിട്ട്‌ വരെ 2406 ക്യുസെക്‌സ്‌ ജലമാണ്‌ അണക്കെട്ടിലേക്കുള്ള ഇന്‍ഫ്‌ളോ. 1867 ക്യുസെക്‌സ്‌ ജലം തമിഴ്‌നാട്‌ കൊണ്ടുപോകുന്നുമുണ്ട്‌. അതുകൊണ്ടുതന്നെ കാര്യമായ ജലം സംഭരിക്കപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേസമയം 136.3 അടിയായിരുന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തും കാര്യമായ മഴയില്ലാത്തതിനാല്‍ അണക്കെട്ടിലേക്കുള്ള ജലത്തിന്റെ ഒഴുക്കും കുറവാണെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. നദികളില്‍നിന്ന്‌ മണ്ണും ചെളിയും എക്കലും നീക്കിയത്‌ വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കുന്നതിന്‌ സഹായകമായി. മൂന്നു കോടി ക്യുബിക്‌ മീറ്ററിലധികം എക്കലും ചെളിയുമാണ്‌ നീക്കം ചെയ്യാന്‍ ഉണ്ടായിരുന്നത്‌.
ഇതില്‍ ഒരു കോടി ക്യുബിക്‌ മീറ്ററാണ്‌ നീക്കം ചെയ്യാന്‍ കഴിഞ്ഞത്‌. ഇനിയുള്ള എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ ഇതു തുടരാനാണ്‌ തീരുമാനം. അതുവഴി വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം ഗണ്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി ബോര്‍ഡിനു കീഴിലെ ആറു അണക്കെട്ടുകളില്‍ റെഡ്‌ അലര്‍ട്ടുണ്ടെങ്കിലും ഇവ തല്‍ക്കാലം തുറക്കില്ല.

വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിത സ്‌ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . ജില്ലാ കലക്‌ടര്‍മാരുടെ യോഗത്തിലാണ്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്‌ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ്‌ സെക്രട്ടറി വി.പി. ജോയ്‌ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.

Leave a Reply