‘ബി.ജെ.പി അനുഭാവിയാണ്’ ; ആസാദ് കശ്മീർ പരാമർശത്തിൽ രാഷ്ട്രീയം വ്യക്തമാക്കി പരാതിക്കാരൻ

0

ന്യൂഡൽഹി: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകിയ അഡ്വ. ജി.എസ് മണി താൻ ബി.ജെ.പി അനുഭാവിയാണെന്ന തുറന്നു പറച്ചിലുമായി രംഗത്ത്. മലയാളം വായിക്കാനറിയാത്തതിനാൽ ദി ഹിന്ദു പത്രത്തിലൂടെയാണ് എം എൽ എ യുടെ പരാമർശം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവത്തിൽ പൊലീസ് കുറ്റപത്രം രജിസ്റ്റർ ചെയ്ത് കേസെ‍ടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് അഡ്വ. ജി.എസ്. മണി പരാതി നൽകിയത്. കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പരാതി പിൻവലിക്കില്ലെന്നു പരാതിക്കാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയത് പോസ്റ്റ് പിൻവലിക്കാനല്ലെന്നും കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമർശമുള്ള പോസ്റ്റ് പിൻവലിച്ചതായി ജലീൽ എഫ്.ബിയിലൂടെ തന്നെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരാതിയിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് മണി പറഞ്ഞത്.

ആസാദ് കശ്മീർ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ രംഗത്ത് വന്നിരുന്നു. തന്റെ കുറിപ്പിലെ ചിലപരാമർശങ്ങൾ തെറ്റിധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയിൽപ്പെട്ടെന്ന് പറഞ്ഞ അദ്ദേഹം, താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.

Leave a Reply