ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി

0

കോഴിക്കോട്: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമര്‍ശിച്ചു. പാകിസ്ഥാൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെതാണെന്നും എം ടി രമേശ് വിമര്‍ശിച്ചു.
ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. ആസാദ് കശ്മീർ എന്നത് പാകിസ്ഥാൻ ഭാഷയും ശൈലിയുമാണ്. എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ഇതുതന്നെ ആണോ സിപിഎം നിലപാടെന്നും എം ടി രമേശ് ചോദിച്ചു. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കെ ടി  ജലീലിന്‍റെ സ്ഥാനം പാകിസ്ഥാനിലാണെന്നും ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും വിമര്‍ശിച്ചു. പാകിസ്ഥാൻ ചാരനെ പോലെയാണ് ജലീലിന്‍റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണമെന്നും ജലീല്‍ മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply