കളിക്കുന്നതിനിടെ കുഞ്ഞിന്റെ തല അബദ്ധത്തിൽ പാത്രത്തിൽ കുടുങ്ങി; ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ചു

0

ചെന്നൈ: കളിക്കുന്നതിനിടെ, 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തല പാത്രത്തിൽ കുടുങ്ങി.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാത്രം മുറിച്ചുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തി.

തമിഴ്‌നാട് രാമനാഥപുരം ജില്ലയിൽ പരമകുടി നഗരത്തിലാണ് സംഭവം. അടുക്കളയിൽ കളിക്കുന്നതിനിടെ 18 മാസം മാത്രം പ്രായമുള്ള അജിത്ത് എന്ന കുഞ്ഞിന്റെ തലയാണ് അബദ്ധത്തിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രത്തിൽ കുടുങ്ങിയത്. പേടിച്ചുവിറച്ച കുഞ്ഞ് കരയാൻ തുടങ്ങി. കുഞ്ഞിനെ രക്ഷിക്കാൻ വീട്ടുകാർക്ക് കഴിയാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിളിച്ചത്.

ഒരു മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് കുഞ്ഞിനെ രക്ഷിച്ചത്. പ്ലയർ ഉപയോഗിച്ച് പാത്രം മുറിച്ച് മാറ്റുകയായിരുന്നു. ഒരുവിധത്തിലും പരിക്കേൽക്കാതെ സുരക്ഷിതമായാണ് കുഞ്ഞിനെ പാത്രത്തിൽ നിന്ന് രക്ഷിച്ചത്.

Leave a Reply