ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ മമ്മൂട്ടി​ക്കൊപ്പം ഏജന്റ് ‘ടീന’യും

0

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. വാസന്തി എന്ന നടിയായിരുന്നു ആ വേഷത്തിലെത്തിയത്. ഏജന്റ് ടീനയുടെ അടുത്ത മിഷൻ മമ്മൂട്ടിക്കൊപ്പമാണ്. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്.

സിനിമയിലെ നൃത്തരംഗത്ത് വർഷങ്ങളായി സജീവമാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കവേയായിരുന്നു വിക്രമിലേക്ക് ലോകേഷ് അവരെ വിളിക്കുന്നത്.

അതേസമയം, ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് താരമെത്തുന്നത്. സ്‌നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു.

ഛായാഗ്രഹണം ഫൈസ് സിദ്ദീഖ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമാണ നിർവഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമാണം ആർ.ഡി. ഇലുമിനേഷൻസ് ആണ്

Leave a Reply