കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീരിൽ 51 നേതാക്കൾ രാജിവെച്ചു

0

ശ്രീനഗർ: കോൺഗ്രസിൽ കൊഴി​ഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിന്റെ ജമ്മു കശ്മീർ യൂനിറ്റിലെ 51 ഓളം നേതാക്കൾ പാർട്ടിയിലെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഗുലാംനബി ആസാദിനെ പിന്തുണച്ചുകൊണ്ടാണ് നടപടി. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന താര ചന്ദും രാജി വെച്ച നേതാക്കളിൽ ഉൾപ്പെടുന്നു.
ചന്ദിനെ കൂടാതെ, മുൻ മന്ത്രിമാരായ മാജിദ് വാനി, ഡോ. മനോഹർ ലാൽ ശർമ, ചൗധരി ഗുരു റാം, മുൻ എം.എൽ.എ താക്കൂർ ബൽവാൻ സിങ്, മുൻ ജനറൽ സെക്രട്ടറി വിനോദ് മിശ്ര എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.

രാജിവെച്ച 51 നേതാക്കളും ഗുലാം നബി ആസാദ് നയിക്കുന്ന ഗ്രൂപ്പിൽ​ ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിച്ച് ഒന്നിച്ച് രാജിക്കത്ത് നൽകി. ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ഇതുവരെ 64 നേതാക്കളാണ് രാജിവെച്ചതെന്ന് എ.എൻ.​ഐ റിപ്പോർട്ട് ​ചെയ്യുന്നു.

ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രി, 73 കാരനായ ആസാദ് അഞ്ചു ദശകങ്ങളായുള്ള കോൺഗ്രസ് ബന്ധം വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്. പാർട്ടിയെ പൂർണമായും നശിപ്പിച്ചുവെന്നും ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാർട്ടി സംവിധാനം രാഹുൽ ഗാന്ധി തകർത്തുവെന്നും ആരോപിച്ചാണ് ആസാദ് രാജിവെച്ചത്.

Leave a Reply