ഊട്ടിയിലെ കല്ലട്ടിപ്പകുതിയിൽ കനത്തമഴയിൽ കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി

0

ഊട്ടിയിലെ കല്ലട്ടിപ്പകുതിയിൽ കനത്തമഴയിൽ കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി. കരയിൽ നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചരണം നൽകിത്തുടങ്ങി. അമ്മയെ അന്വേഷിച്ചുള്ള യാത്രയിലാണ് കുട്ടിയാന. ബഹളമുണ്ടാക്കി വനാതിർത്തിയിൽ പലയിടത്തുമെത്തിയെങ്കിലും അമ്മയുടെ ചൂരറിഞ്ഞില്ല. ഇതോടെ ൾവനത്തിലെത്തിച്ച് അമ്മയാനയ്‌ക്കൊപ്പം കുട്ടിയാനയെ തിരികെ വിടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

എത്ര വൈകിയാലും കുട്ടിയാനയെ ആനക്കൂട്ടത്തിന്റെ അടുക്കലേക്ക് എത്തിക്കുന്നതിനാണ് വനംവകുപ്പിന്റെയും ശ്രമം. ഊട്ടി കല്ലട്ടിപ്പകുതിയിലാണ് കനത്ത മലവെള്ളപ്പാച്ചിലിൽ ആറ് മാസം പ്രായം തോന്നിക്കുന്ന കുട്ടിയാന കഴിഞ്ഞദിവസം ഒഴുകിയെത്തിയത്. സിങ്കാരയ്ക്ക് സമീപം കരയിൽ നിലയുറപ്പിച്ച ആനക്കുട്ടിയെ നാട്ടുകാർ പിടിച്ചുനിർത്തി വനപാലകർക്ക് കൈമാറുകയായിരുന്നു.

വിശപ്പ് മാറാൻ വനപാലകർ ആഹാരം കൊടുത്തു. കല്ല് നിറഞ്ഞ പുഴയിലൂടെ ഒഴുകിയെത്തിയതിന്റെ ക്ഷീണം മാറ്റാൻ പ്രഥമ ശുശ്രൂഷയും നൽകി. രണ്ട് ദിവസം കൊണ്ട് ആള് ഉഷാറായി. പിന്നീടാണ് അമ്മയെ തിരക്കി വനപാലകർക്കൊപ്പം കരഞ്ഞ് കൊണ്ട് പലയിടങ്ങളിലായി നടന്ന് നീങ്ങിയത്. മൂന്ന് ദിവസം കൂടി അമ്മയ്ക്കായുള്ള അന്വേഷണം തുടരും. പരാജയപ്പെട്ടാൽ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി പരിചരണം ഉറപ്പാക്കും.

Leave a Reply