സെക്രട്ടറി തസ്തികയിൽ ആളില്ലാതെ വന്നതോടെ നൂറോളം പഞ്ചായത്തുകളിൽ പദ്ധതി നിർവഹണം ഉൾപ്പെടെ ഉള്ള നടപടികൾ താളം തെറ്റി

0

സെക്രട്ടറി തസ്തികയിൽ ആളില്ലാതെ വന്നതോടെ നൂറോളം പഞ്ചായത്തുകളിൽ പദ്ധതി നിർവഹണം ഉൾപ്പെടെ ഉള്ള നടപടികൾ താളം തെറ്റി. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ സെക്രട്ടറി തസ്തികയിൽ നാലു മാസത്തോളമായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല.

ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്തു വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥർക്കു പകരമായി സ്ഥാനക്കയറ്റത്തിലൂടെ നിയമനം നടത്താത്തതും ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കാത്തതുമാണു കാരണം. അസി. സെക്രട്ടറി അഥവാ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഉള്ളവരെയാണു സ്ഥാനക്കയറ്റത്തിലൂടെ സെക്രട്ടറി സ്ഥാനത്തേക്കു നിയമിക്കേണ്ടത്. ഇതോടെ ഹെഡ് ക്ലാർക്ക്, യുഡി ക്ലാർക്ക്, എൽഡി ക്ലാർക്ക് തസ്തികകളിലും സ്ഥാനക്കയറ്റം വേണ്ടി വരും. എന്നാൽ, താഴേത്തട്ടിൽ വരുന്ന ഒഴിവുകളിൽ ഉടൻ നിയമനം വൈകിപ്പിക്കുന്നതും സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കാൻ കാരണമായി പറയുന്നു.

ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണ നടപടികൾ മാസങ്ങൾ വൈകിയാണ് ആരംഭിച്ചത്. ഇപ്പോൾ പദ്ധതി നിർവഹണത്തിലേക്കു കടക്കേണ്ട കാലഘട്ടവുമാണ്. ഈ സമയത്താണ് നൂറോളം പഞ്ചായത്തുകളിലെ സെക്രട്ടറി കസേര ഒഴിഞ്ഞുകിടക്കുന്നത്. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക, ഫയൽ തീർപ്പാക്കൽ യജ്ഞം, ആരോഗ്യ– ശുചീകരണ മേഖലകളിലെ പ്രവർത്തനങ്ങൾ, കെട്ടിടനിർമാണ അപേക്ഷകളിലെ നടപടികൾ, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഉൾപ്പെടെ ഒട്ടേറെ നടപടികൾ സെക്രട്ടറിമാർ ഇല്ലാത്തതിനാൽ മുടങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here