ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരളാ, കർണ്ണാടകാ അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന നടത്തി

0

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരളാ, കർണ്ണാടകാ അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന നടത്തി. കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും, എം ഡി എം എ പോലുള്ള മയക്ക് മരുന്നുകളും കടത്തുന്നത് തടയുവാനും കർണ്ണാടകത്തിലേക്ക് ലഹരി വസ്തുക്കൾ കൊണ്ട് പോകുന്നത് തടയുവാനുമായിട്ടായിരുന്നു പരിശോധന.

ഇരു ഭാഗങ്ങളിലേക്കും പോവുകയും വരികയും ചെയ്യുന്ന ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സി ഐ പി. പി. ജനാർദ്ദനൻ, സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ബിജിൽ കുമാർ, ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കർണ്ണാടക അതിർത്തിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ചു. വീരാജ്‌പേട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് എം. എൻ. നടരാജു, സബ് ഇൻസ്പെക്ടർമാരായ മോഹൻ കുമാർ, എച്ച്. സി. ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കർണ്ണാടക എക്സൈസ് സംഘം കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് പോകുന്ന വാഹനങ്ങളെയും അതിർത്തിയിൽ പരിശോധിച്ചു.

കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം അതിർത്തിവഴി ബൈക്കുകളിലടക്കം കടത്തി കൊണ്ടുവന്ന എം ഡി എം എ, കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പുകൾ, വിവിധ മയക്കു ഗുളികകൾ തുടങ്ങിയ മാരക ലഹരി വസ്തുക്കൾ നിരവധി തവണ എക്‌സൈസ് സംഘങ്ങളും പൊലീസും പിടികൂടിയിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തരം ലഹരിക്കടത്തുകൾ കോടാനുള്ള സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്. എക്‌സൈസിന്റേത് കൂടാതെ 24 മണിക്കൂറും പൊലീസിന്റെ പരിശോധനയും ഇവിടെ തുടർന്ന് വരികയാണ്.

Leave a Reply