കശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെ വീണ്ടും ഭീകരാക്രമണം

0

കശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ ഛോട്ടിപുരയിലുള്ള ആപ്പിൾ തോട്ടത്തിൽ കടന്നുകയറിയ ഭീകരർ പണ്ഡിറ്റ് സമുദായത്തിൽപെട്ട സുനിൽകുമാറിനെ വ‌െടിവച്ചുകൊന്നു. സഹോദരൻ പിന്റു കുമാറിനു ഗുരുതരമായി പരുക്കേറ്റു.

ന്യൂനപക്ഷ സമുദായത്തിനു നേരെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബദ്ഗാം ജില്ലയിലെ ഗോപാൽപുരയിൽ തിങ്കളാഴ്ച ഗ്രനേഡ് ആക്രമണത്തിൽ ഒരാൾക്കു പരുക്കേറ്റിരുന്നു.

ജമ്മു–കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, ബിജെപി വക്താവ് അൽതാഫ് ഠാക്കൂർ തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. പണ്ഡിറ്റുകൾക്കു നേരെ കൂടുതൽ ഭീകരാക്രമണമുണ്ടാകുമെന്നും സുരക്ഷിതസ്ഥലത്തേക്കു മാറ്റണമെന്നും അധികൃതരോട് അഭ്യർഥിച്ചവരാണ് വെടിയേറ്റ സഹോദരങ്ങൾ എന്ന കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി അധ്യക്ഷൻ സഞ്ജയ് ടിക്കു പറഞ്ഞു.

പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയിൽ പ്രവർത്തിക്കുന്ന പണ്ഡിറ്റ് സമുദായാംഗമായ രാഹുൽ ബട്ടിനെ കഴിഞ്ഞ മേയിൽ തഹസിൽദാർ ഓഫിസിൽ കയറി ഭീകരർ വധിച്ചത് വൻ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ഭരണഘടനയുടെ 370– ാം വകുപ്പ് അസാധുവാക്കിയതിനു ശേഷം 2019 ഓഗസ്റ്റ് 5 മുതൽ 7 പണ്ഡിറ്റുകൾ ഭീകരാക്രമണത്തിൽ മരിച്ചു. ഈ വർഷം 6 സുരക്ഷാ സൈനികരും 15 ഗ്രാമീണരും ആക്രമണത്തിൽ മരിച്ചു. നൗഹട്ടയിൽ ഞായറാഴ്ച ഒരു പൊലീസുകാരനെയും ബന്ദിപുരയിൽ ബിഹാറിൽ നിന്നുള്ള യുവ അതിഥിത്തൊഴിലാളിയെയും കൊലപ്പെടുത്തി.

Leave a Reply