സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം വയോധികന് തലയ്ക്ക് വെട്ടേറ്റു; സുഹൃത്ത് അറസ്റ്റിൽ

0

സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിൽ വയോധികന് തലയ്ക്ക് വെട്ടേറ്റു. മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലെ അരിവയലിൽ ആണ് സംഭവം. കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇരുളം മൂടക്കൊല്ലി റെജിക്കാണ് തലയ്ക്ക് വെട്ടേറ്റത്. റെജിയുടെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി രാജേഷിനെ സംഭവത്തിൽ മീനങ്ങാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

അരിവയൽ കാപ്പിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. പരിക്കേറ്റ റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജേഷ് 30 വര്‍ഷമായി പ്രദേശത്ത് തനിച്ച് വാടകക്ക് താമസിച്ച് വരികയാണ്. പരിക്കേറ്റ റെജിയും സമീപത്ത് തന്നെയാണ് വാടകക്ക് താമസിക്കുന്നത്. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വയനാട് കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക് തർക്കത്തിനിടെ മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതി രാജ് മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മരിച്ച മണിയും രാജ്മോഹനും തമ്മിൽ ഏറെ നാളായി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply