ദേശീയപാതയിലൂടെ കടന്നുവന്ന നൂറുകണക്കിന് വാഹനങ്ങൾ രാത്രി മുതൽ വഴിതിരിഞ്ഞു പോയെങ്കിലും കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണി നടത്താതെ അധികൃതരുടെ അനാസ്ഥ

0

കുറ്റിപ്പുറം∙ ദേശീയപാതയിലൂടെ കടന്നുവന്ന നൂറുകണക്കിന് വാഹനങ്ങൾ രാത്രി മുതൽ വഴിതിരിഞ്ഞു പോയെങ്കിലും കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണി നടത്താതെ അധികൃതരുടെ അനാസ്ഥ. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് മുകളിലായി പൊട്ടിത്തൂങ്ങിയ 2 ബീമുകൾ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി വൈകിപ്പിക്കുകയാണ് കരാർ കമ്പനി.

കഴിഞ്ഞ ദിവസം ക്രെയിൻ ഇടിച്ച് തകർന്ന കുറ്റിപ്പുറം പാലത്തിന്റെ ബീമുകളുടെ അറ്റുകുറ്റപ്പണിക്കായി ദേശീയപാതയിലെ ഗതാഗതം വഴി തിരിച്ചുവിടുമെന്നുള്ള അറിയിപ്പിനെ തുടർന്നാണ് ഒട്ടേറെ വാഹനങ്ങൾ ഇന്നലെ രാത്രി മുതൽ ചമ്രവട്ടം പാലംവഴി തിരഞ്ഞുപോയത്. എന്നാൽ ഇന്നലെ ജോലികൾ ഒന്നും നടന്നില്ല. അറ്റകുറ്റപ്പണിക്കുള്ള യന്ത്രങ്ങൾ എത്തിയില്ലെന്ന് രാത്രിയോടെയാണ് കരാർ കമ്പനിയായ കെഎൻആർസിഎൽ പൊലീസിൽ വിവരം നൽകുന്നത്.

രാത്രി 12 മുതൽ ഇന്ന് പുലർച്ചെ 3 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമുള്ളതായി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് കരാർ കമ്പനി ജോലി നീട്ടിവച്ചത്. ഇതേ കരാർ കമ്പനിയുടെ ക്രെയിൻ ഇടിച്ചാണ് പാലത്തിന്റെ കമാനങ്ങളെ ബന്ധിപ്പിക്കുന്ന 2 ബീമുകൾ തകർന്നത്. ഇരുവശങ്ങളിലും മധ്യഭാഗത്തുമായി പൊട്ടിത്തൂങ്ങിയ നിലയിലാണ് വലിയ ബീമുകൾ. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് മുകളിലാണ് പൊട്ടിവീഴാറായ ബീമുകൾ നിൽക്കുന്നത്. അപകടസാധ്യത അവഗണിച്ചാണ് കരാർ കമ്പനിയുടെ നടപടിയെന്ന് പരാതിയുണ്ട്. 2 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തും എന്നല്ലാതെ കൃത്യമായ സമയവും ഇന്നലെ പൊലീസിന് കൈമാറിയിട്ടില്ല.

Leave a Reply