പദ്ധതി നിര്‍ത്തുന്നത് ഒഴികെ മറ്റെല്ലാം അംഗീകരിക്കാം; തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി; മുഖ്യമന്ത്രി നിയമസഭയില്‍

0

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട് മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കും. അതിനുശേഷം അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതി നിര്‍ത്തിവെക്കുക എന്നതൊഴികെ ബാക്കിയെല്ലാം ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാനമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം. 2023 ഏപ്രിലിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കോമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം അരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അക്രഡിറ്റേറ്റ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.

നാഷണല്‍ ഗ്രീന്‍ ട്രൈബ്യണല്‍ ഈ പഠനറിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതി പ്രദേശത്തിന്റെ തെക്കും വടക്കും പത്തുകിലോമീറ്റര്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറുമാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുന്‍പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണം ഉണ്ടായതായി പഠനറിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നുവെന്നവാദം അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here