സര്‍ക്കാരിനു കൈയടി നേടാന്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും വിതരണം ചെയ്യുന്ന ഓണക്കിറ്റിനു പിന്നാലെ സംസ്‌ഥാനത്തെ കാത്തിരിക്കുന്നത്‌ അതിരൂക്ഷ വിലക്കയറ്റം

0

സര്‍ക്കാരിനു കൈയടി നേടാന്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും വിതരണം ചെയ്യുന്ന ഓണക്കിറ്റിനു പിന്നാലെ സംസ്‌ഥാനത്തെ കാത്തിരിക്കുന്നത്‌ അതിരൂക്ഷ വിലക്കയറ്റം. 2022-23 സാമ്പത്തിക വര്‍ഷം സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി സര്‍ക്കാര്‍ നല്‍കിയ 180 കോടി പൂര്‍ണമായും ഓണക്കിറ്റിനായി മാറ്റിയതോടെയാണ്‌ വരും നാളുകള്‍ വിലക്കയറ്റത്തിന്റേതാകാന്‍ വഴിയൊരുങ്ങിയത്‌.
തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ അടങ്ങിയ ഒരു കോടിയിലേറെ ഓണക്കിറ്റാണ്‌ 22 മുതല്‍ വിതരണം ചെയ്യുന്നത്‌. ഓരോ കിറ്റിനും 447 രൂപയാണ്‌ ചെലവ്‌. 400 കോടി രൂപയാണ്‌ കിറ്റിന്‌ മാറ്റിവച്ചിരിക്കുന്നത്‌. ഇതില്‍ 220 കോടി രൂപ അനുവദിച്ചതിനു പുറമെ, വിപണി ഇടപെടലിനുള്ള സപ്ലൈകോ ഫണ്ടായ 180 കോടികൂടി ഉള്‍പ്പെടുത്തിയാണ്‌ 400 കോടി കണ്ടെത്തിയത്‌.
ഇതോടെ ഓണത്തിനു ശേഷം വിപണി നിയന്ത്രണത്തിന്‌ ഇടപെടാന്‍ സപ്ലൈകോയുടെ പക്കല്‍ പണമുണ്ടാകില്ല. ഇപ്പോള്‍ത്തന്നെ വിപണിയില്‍ വിലക്കയറ്റമാണ്‌. സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ പലതും സപ്ലൈകോയില്‍ കിട്ടാനില്ലാത്ത അവസ്‌ഥയും. ഇതിനൊപ്പം വിപണി നിയന്ത്രണത്തിനുള്ള ഫണ്ട്‌ കൂടി കാലിയായതോടെ വിലക്കയറ്റം സാധാരണക്കാരന്റെ കീശയും കാലിയാക്കുന്ന സ്‌ഥിതിയാണ്‌.
400 കോടിയില്‍നിന്ന്‌ ഓണക്കിറ്റിലേക്ക്‌ സാധനങ്ങള്‍ നല്‍കുന്ന കരാറുകാര്‍ക്കും റെയ്‌ക്കോ, കെ.എസ്‌.സി.ഡി.സി, കാപ്പക്‌സ്‌,വെളിച്ചെണ്ണ, ഉപ്പ്‌, തുണി സഞ്ചി വിതരണക്കാര്‍, കുടുംബശ്രീ എന്നിവര്‍ക്കും രൊക്കം പണം കൊടുക്കും.
അതേസമയം, പുതിയ കരാറുകാര്‍ക്ക്‌ രൊക്കം പണം നല്‍കുമ്പോള്‍ സപ്ലൈകോയ്‌ക്ക്‌ സ്‌ഥിരമായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാരെ അവഗണിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്‌. കഴിഞ്ഞ 11 വരെ സാധനങ്ങള്‍ നല്‍കിയ വകയില്‍ 179,66,59,353 കോടി രൂപയാണ്‌ കരാറുകാര്‍ക്ക്‌ കൊടുക്കാനുള്ളത്‌. പഴയ കുടിശിക നല്‍കാതെ പുതിയ കരാറുകാര്‍ക്ക്‌ രൊക്കം പണം നല്‍കുന്നത്‌ കമ്മീഷന്‍ തട്ടാനുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ നീക്കമാണെന്നാണ്‌ ആക്ഷേപം.
പണം കിട്ടിയില്ലെങ്കില്‍ ഈ മാസത്തോടെ സപ്ലൈകോയ്‌ക്ക്‌ സാധനങ്ങള്‍ നല്‍കുന്നത്‌ നിര്‍ത്തുമെന്നാണ്‌ പല കരാറുകാരും അറിയിച്ചിരിക്കുന്നത്‌. ഇതും രൂക്ഷമായ വിലക്കയറ്റത്തിലേക്കും ഭക്ഷ്യ ക്ഷാമത്തിലേക്കുമാകും സംസ്‌ഥാനത്തെ നയിക്കുക.

Leave a Reply