കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിങ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി

0

ബെംഗളൂരു: കർണാടകയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിങ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ചിത്ര (28)യെയാണ് ഭർത്താവ് ശിവകുമാർ (32) കഴുത്തറുത്തുകൊലപ്പെടുത്തിയത്.

ആക്രമിക്കപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൗൺസിലിങ് സെഷനിൽ, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഏഴ് വർഷത്തെ ദാമ്പത്യം തുടർന്ന് പോകാൻ തീരുമാനമെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്.

കോടതിയിൽ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവർക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗൺസിലിങ്ങിന് ഇരുവരും വിധേയരായി. കൗൺസിലിങ്ങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോർട്ട്. ഇതിന് മിനിറ്റുകൾക്കു ശേഷമാണ് ദാരുണമായ കൊലപാതകം നടന്നത്.

ശുചിമുറിയിലേക്ക് പോയ ഭാര്യയെ പിന്തുടർന്ന് വെട്ടുകത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. രക്തം വാർന്നു പോയിക്കൊണ്ടിരുന്ന ചൈത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റകൃത്യം ചെയ്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ കോടതിയിലുണ്ടായിരുന്നവർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു കോടതി സമുച്ചയത്തിനുള്ളിൽ ഇയാൾ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘സംഭവം നടന്നത് കോടതി പരിസരത്താണ്. അയാൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. കുറ്റകൃത്യം ചെയ്യാൻ ശിവകുമാർ ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. കൗൺസിലിങ്ങിന് ശേഷം എന്താണ് സംഭവിച്ചതെന്നും കോടതിക്കുള്ളിൽ ആയുധം എങ്ങനെ എത്തിച്ചുവെന്നും അന്വേഷിക്കും. ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ടെന്നും ഹാസനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹരിറാം ശങ്കർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here