ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പഞ്ചായത്തിലെ പൂളക്കുണ്ട് ഭാഗത്തെ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി

0

സുൽത്താൻ ബത്തേരി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പഞ്ചായത്തിലെ പൂളക്കുണ്ട് ഭാഗത്തെ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ നടപടികൾ പൂർത്തിയാക്കി പന്നികളെ കൊല്ലാൻ തുടങ്ങിയത്.
പൂളക്കുണ്ടിലെ രോഗം സ്ഥിരീകരിച്ച ബിജുവിന്‍റെ ഫാമിലെ പന്നികളെയാണ് ആദ്യം കൊന്നൊടുക്കുന്നത്. പന്നിക്കുഞ്ഞുങ്ങളടക്കം 213 പന്നികളാണ് ഇവിടെയുള്ളത്. വൈകുന്നേരം 6.30വരെ 195 പന്നികളെ കൊന്നൊടുക്കി. രോഗബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെയും കൊല്ലും. ഫയര്‍ ആൻഡ് റസ്‌ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടി അതിന് ശേഷം തുടങ്ങും. ബിജുവിന്‍റെ ഫാമിന് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലായുള്ള, പീതാംബരൻ, കുര്യാക്കോസ് എന്നിവരുടെ ഫാമുകളിലെ പന്നികളെയുമാണ് കൊല്ലുന്നത്.

കൊന്നൊടുക്കുന്ന ജോലികൾ രാവിലെ മുതൽ തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും കാലാവസ്ഥ മോശമായതിനാൽ വൈകുകയായിരുന്നു. രോഗബാധിത പ്രദേശത്തെ ആര്‍.ആര്‍.ടി ഏകോപന ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സജി ജോസഫിന്റെ അധ്യക്ഷതയില്‍ രാവിലെ യോഗം ചേര്‍ന്നു.

തുടര്‍ന്ന് രാവിലെ ഒമ്പതു മുതല്‍ പന്നികളെ സംസ്‌കരിക്കുന്നതിനുള്ള കുഴി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ തയാറാക്കി. വൈകീട്ട് മൂന്നോടെയാണ് കുഴി നിര്‍മാണം പൂര്‍ത്തിയായത്. 12 അടി താഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുള്ളകുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here