ലൈംഗികാതിക്രമം തടയാനുള്ള കർമ്മപദ്ധതി സിലബസിൽ ഉൾപ്പെടുത്തണം; ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി

0

കൊച്ചി: ലൈംഗികാതിക്രമങ്ങൾ തടയാനുള്ള കർമ്മപദ്ധതി വരുന്ന അദ്ധ്യയന വർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സർക്കാരും സി.ബി.എസ്.ഇ അധികൃതരും ഇതിനായി ഉത്തരവിറക്കണം. ഇതെങ്ങനെ പ്രാബല്യത്തിൽ വരുത്തണമെന്ന് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ രണ്ടുമാസത്തിനകം ഏർപ്പാടാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിറക്കി.

15 വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയായ 23 വയസുകാരന്റെ ജാമ്യ ഹർജിയിൽ കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. വിദഗ്ദ്ധസമിതി ആറു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരും സി.ബി.എസ്.ഇയും അടുത്ത അദ്ധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കണം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാൻ അമേരിക്കയിലെ 37 സംസ്ഥാനങ്ങളിൽ നടപ്പാക്കിയ എറിൻസ് ലായുടെ മാതൃകയിൽ ഇവിടെയും നടപടിയെടുക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമം തടയാനും ബോധവത്കരണത്തിനും 2014 ലും 2017 ലും മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു. ഇതു നടപ്പാക്കിയാൽ ഫലപ്രദമാകുമെന്നും സംസ്ഥാന സർക്കാർ 2015 ൽ പുറപ്പെടുവിച്ച സർക്കുലർ ഫലപ്രദമല്ലെന്നും കോടതി വിലയിരുത്തി

Leave a Reply