പോലീസ് വാനിനുള്ളിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് കൊലക്കേസ് പ്രതി

0

മുംബൈ: പോലീസ് വാനിനുള്ളിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് കൊലക്കേസ് പ്രതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്നഗറിലാണ് സംഭവം. റോഷൻ ഝാ എന്ന ​ഗുണ്ടാ തലവനാണ് കോടതിയിലെത്തിച്ചപ്പോൾ ഗുണ്ടാസംഘം നൽകിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ അനുനായികൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിക്കുകയും ചെയ്തു.

കൊലക്കേസിൽ പ്രതിയായ റോഷൻ ഝാ ജയിലിലാണ്. ഉല്ലാസ് നഗർ നിവാസിയായ റോഷൻ ഝാ ഗുണ്ടാസംഘത്തിലെ പ്രധാനിയാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ജയിലിലായിരുന്ന പ്രതിയെ കേസുമായി ബന്ധപ്പെട്ട് കല്യാണിലെ കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിയുടെ വീഡിയോ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. പോലീസ് പ്രതിയെ കേക്ക് മുറിക്കാൻ അനുവദിച്ചതും ഇടപെടാതിരുന്നതുമാണ് പുതിയ വിവാദത്തിന് കാരണമായത്.

Leave a Reply