ഓപ്പറേഷൻ താമരയെ അതിജീവിച്ചെന്ന് ആം ആദ്മി പാർട്ടി; ഭൂരിപ​ക്ഷം എംഎൽഎമാരും അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി

0

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാർ ഓപ്പറേഷൻ താമരയെ അതിജീവിച്ചെന്ന് പാർട്ടി നേതൃത്വം. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവൾ വിളിച്ച യോഗത്തിൽ സംസ്ഥാനത്തുണ്ടായിരുന്ന എല്ലാ എംഎൽഎമാരും പങ്കെടുത്തെന്ന് എഎപി നേതൃത്വം വ്യക്തമാക്കി. എം‌എൽ‌എമാരെ വാങ്ങാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായാണ് ആം ആദ്മി പാർട്ടി യുടെ രാഷ്ട്രീയ കാര്യ സമിതി ഇന്ന് രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ യോഗം ചേർന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ ഇതുവരെ 52 എഎപി എംഎൽഎമാർ എത്തിയിട്ടുണ്ട്. നിയമസഭയിൽ 62 എംഎൽഎമാരാണ് ആം ആദ്മിക്കുള്ളത്.

പല എംഎൽഎമാരെയും ബന്ധപ്പെടാനാകുന്നില്ലെന്ന് യോ​ഗത്തിന് മുമ്പും പാർട്ടി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, പിന്നീട് യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ എംഎൽഎമാരും പങ്കെടുത്തെന്ന് പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് സ്ഥിരീകരിച്ചു.

 ബിജെപിയിൽ ചേരാൻ 20 കോടി രൂപതങ്ങൾക്ക് വാഗ്ദാനം ചെയ്തതായി നാല് എഎപി എംഎൽഎമാർ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ വ്യാജ എഫ്ഐആർ ഫയൽ ചെയ്യുകയും സിബിഐ റെയ്ഡിന് ഉത്തരവിടുകയും ചെയ്തതിൽ സമിതി അതൃപ്തി രേഖപ്പെടുത്തിയതായി എഎപി പിഎസി അംഗവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

മനീഷ് സിസോദിയയിൽ പാർട്ടിക്ക് വിശ്വാസമുണ്ട്. തനിക്കെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കണമെങ്കിൽ എഎപിയിൽ നിന്ന് ബിജെപിയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സന്ദേശം ലഭിച്ചു. എഎപി സർക്കാരിനെ താഴെയിറക്കുന്നതിന് മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു. മനീഷ് സിസോദിയ ഇത് നിരസിച്ചു. പിന്നാലെ നിരവധി എഎപി എംഎൽഎമാരെ ബിജെപി ബന്ധപ്പെട്ടു. 20 കോടി രൂപ കൈപ്പറ്റി ബിജെപിയിൽ ചേരണമെന്നും അല്ലെങ്കിൽ ഉപമുഖ്യമന്ത്രിയെപ്പോലെ പീഡനവും അറസ്റ്റും നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പിഎസിയുടെ പ്രമേയത്തെ പരാമർശിച്ച് സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ വീട്ടിൽ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ റെയ്ഡ് നടത്തിയതോടെയാണ് ആം ആദ്മി പാർട്ടി –ബിജെപി തർക്കം രൂക്ഷമായത്. ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് മന്ത്രി കൂടിയായ സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പിന്നാലെ സിബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസോദിയയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിരുന്നു.

അതേസമയം, ബിജെപിയുമായി സഹകരിച്ച് അരവിന്ദ് കേജ്‍രിവാൾ സർക്കാരിനെ മറിച്ചിടാനുള്ള ‘ക്ഷണം’ നിരസിച്ചതിന്റെ പേരിൽ ബിജെപിയുടെ പ്രതികാര നടപടിയാണ് റെയ്ഡും കേസുമെന്നാണ് സിസോദിയയുടെ വാദം. ബിജെപിയുമായി സഹകരിച്ചാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്ത് എഎപിയുടെ പല എംഎൽഎമാരെയും സമീപിച്ചതായും വെളിപ്പെടുത്തലുണ്ടായി.

Leave a Reply