മതിലിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവിനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി

0

ന്യൂഡൽഹി: മതിലിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവിനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ മായങ്ക് (25) ആണു രാജ്യതലസ്ഥാനത്തു ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

നഗരത്തിലെ കെട്ടിടത്തിന്റെ മതിലിനോടു ചേർന്നു മൂത്രമൊഴിക്കാൻ മായങ്ക് ശ്രമിച്ചതാണു സംഭവങ്ങളുടെ തുടക്കം. മൂത്രമൊഴിച്ചതിനെതിരെ പ്രതികളിലൊരാളായ മനീഷിന്റെ അമ്മ മായങ്കുമായി വഴക്കുണ്ടാക്കി. തർക്കത്തിനിടെ മനീഷിനെ മായങ്ക് ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്‌തെന്നും റിപ്പോർട്ടുണ്ട്.

ഇതിൽ പ്രകോപിതനായ മനീഷ് ഉടനെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും മായങ്കിനെ തേടിയിറങ്ങുകയും ചെയ്തു. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലെ ഡിഡിഎ മാർക്കറ്റിനു സമീപത്തുനിന്നു സംഘം മായങ്കിനെ പിടികൂടി. ആളുകൾ നോക്കിനിൽക്കെ മായങ്കിനെ കുത്തിക്കൊല്ലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനുശേഷം സംഘം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരുക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സിസിടിവി ദൃശ്യത്തിന്റെ ചുവടുപിടിച്ചുള്ള അന്വേഷണത്തിൽ രാഹുൽ, ആശിഷ്, സുരാജ് എന്നീ പ്രതികളാണ് ആദ്യം അറസ്റ്റിലായത്. മുഖ്യപ്രതിയായ മനിഷിനെ പിന്നീടാണ് അറസ്റ്റു ചെയ്തതെന്നും പൊലീസ് അറിയിച്ചു.

Leave a Reply