കുട്ടിക്കാലത്തെ പൊലിസുകാരനാവാൻ മോഹിച്ച യുവാവ് സിനിമാ സ്‌റ്റൈലിൽ പൊലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിൽ രാത്രിയിൽ വാഹന പരിശോധനയ്ക്കിറങ്ങിയപ്പോൾ കുടുങ്ങി

0

കുട്ടിക്കാലത്തെ പൊലിസുകാരനാവാൻ മോഹിച്ച യുവാവ് സിനിമാ സ്‌റ്റൈലിൽ പൊലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിൽ രാത്രിയിൽ വാഹന പരിശോധനയ്ക്കിറങ്ങിയപ്പോൾ കുടുങ്ങി. പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചന്തപ്പുരയിലെ കെ. ജഗദീഷാ ( 40 )ണ് കുട്ടിക്കാലത്തെ തന്റെ മോഹം സാക്ഷാത്കരിക്കുന്നതിനായി പരിയാരംസിഐ യുടെ വേഷത്തിൽ വാഹന പരിശോധനയ്ക്കിറങ്ങിയത്.

പഠിക്കുന്ന കാലത്ത് ജഗദീഷിന്റെ സ്വപ്നമായിരുന്നു പൊലിസുകാരനാവുകയെന്നത്. 40 വയസുള്ള ഈ യുവാവ് ആറടി രണ്ട് ഇഞ്ച് പൊക്കമുള്ള പൊലിസെന്നു തോന്നിക്കുന്ന ആകാരത്തിന് ഉടമ കൂടിയാണ്. ഏറെക്കാലം പ്രവാസ ജീവിതം നയിച്ചിരുന്ന ഇയാൾ പയ്യന്നുരിലെ ഒരു മോട്ടോർ ഡ്രൈവിങ് സ്‌കൂളിൽ ഇൻസ്ടക്റ്ററായി ജോലി ചെയ്തുവരികയാണ്. മോജോ വീഡിയോകളിൽ പൊലിസ് വേഷമണിഞ്ഞു തിളങ്ങിയിരുന്ന ഇയാളോട് പൊലീസ് വേഷം കലക്കുന്നുണ്ടെന്ന് സുഹൃത്തുകൾ പറഞ്ഞ് ആവേശം കയറ്റിയപ്പോഴാണ് പുതിയ ചിന്ത എത്തുന്നത്.

എന്നാൽ ശരിക്കും പൊലീസ് തന്നെയാവാം എന്ന ഐഡിയ തോന്നി. ഇതോടെ പരിയാരത്ത് മാസങ്ങളായിഒഴിവുള്ള പൊലീസ് ഇൻസ്‌പെക്ടറുടെ തസ്തികയിൽ തന്നെ റോൾ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പരിയാരംചന്തപ്പുരയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള ടെയ്ലറിങ് ഷോപ്പിൽ നിന്നാണ് മോ ജോ വീഡിയോയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് യൂനിഫോം തയ്‌പ്പിച്ചത്. ഇതിനു ശേഷം എരമം-കുറ്റൂർ റോഡിൽ ഷൂസും സോക്‌സും സ്റ്റാറും നെയിം പ്‌ളേറ്റു മൊക്കെ കണ്ണൂരിൽ നിന്നും സംഘടിപിച്ചു. ഒറിജനൽ സിഐയെപ്പോലെ തന്നെയായിരുന്നു ഇതോടെ ലുക്ക്.

പിന്നീട് അധികം യാത്രക്കാരില്ലാത്ത മണിയറ – കാനായി കോറാം റോഡിലും എരമം-കുറ്റൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു സിഐയുടെ തുടക്കത്തിലെ വാഹന പരിശോധന. സിഐയുടെ യുനിഫോം ധരിച്ച് അതിന് മുകളിൽ ഒരു ഓവർ കോട്ടും അണിഞ്ഞ് പൊലിസ് എന്നെഴുതിയ ബൈക്കിലെത്തിയാണ് വാഹന പരിശോധന. ബൈക്ക് യാത്രക്കാരാണ് ഏറെയും ഇയാളുടെ പിടിയിലായത്. യാത്രയ്ക്കിടെയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, മാസ്‌ക് ധരിക്കാത്തവർ എന്നിവരൊക്കെയായിരുന്നു സിഐയുടെ ഇരകൾ.

ഇവരെ ഉപദേശിക്കുകയും കർശനമായി താക്കീതു ചെയ്തു വിടുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ജൂലായ് 30 മുതലാണ് ജഗദീഷിന്റെ സിഐ സർവീസ് തുടങ്ങിയത്. പരിയാരത്ത് നിലവിൽ സിഐ യുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് അറിയാവുന്ന ഒരാളാണ് വ്യാജ സിഐ വേഷം കെട്ടുന്നതെന്ന് പൊലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. ജഗദീഷിനെ പൊലീസ് വേഷത്തിൽ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലരാണ് എസ്‌ഐ കെ. ദിലീപിനെ വിവരമറിയിക്കുന്നത്.

തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിഐ കൂടുങ്ങിയത്. ജഗദീഷ് ആരൊടെങ്കിലും പണം വാങ്ങിയോയെന്ന വിവരം ഇതുവരെ പരാതിയായി ലഭിച്ചിട്ടില്ല. വ്യാജ സിഐ യായി വേഷമണിഞ്ഞ് പിടിയിലായപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ജഗദീഷിന്റെ പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ജഗദീഷ് വാഹന പരിശോധന നടത്തുന്നതിന്റെ ക്യാമറാ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഇതോടെയാണ് ഇയാൾ വലയിലായത്. ആഴ്‌ച്ചയിൽ ചില പ്രത്യേക ദിവസങ്ങളിലാണ് ഇയാൾ വാഹന പരിശോധന നടത്താറുള്ളത്. പൊലിസ് വാഹന പരിശോധനയ്ക്ക് ഇറങ്ങുന്ന ദിവസങ്ങളിൽ ഇയാൾ റോഡിലിറങ്ങാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here